‘തജവുബ്’ പ്ലാറ്റ്ഫോം സന്ദർശിച്ചത് 17 ലക്ഷത്തിലധികം പേർ

മസ്കത്ത്: ദേശീയ പരാതി-നിർദേശ-റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോമായ ‘തജവുബ്’ ആരംഭിച്ചതിനുശേഷം ഇതുവരെ 17 ലക്ഷത്തിലധികം പേർ സന്ദർശിച്ചു. 2026 ജനുവരി അവസാനം വരെയുള്ള കണക്കുകൾ പ്രകാരം, പ്ലാറ്റ്ഫോമിൽ ജനങ്ങൾ ഉന്നയിച്ച 1.56 ലക്ഷത്തിലധികം ആവശ്യങ്ങൾ പരിഗണിച്ചു. 6.29 ലക്ഷം സജീവ ഉപയോക്താക്കളാണ് തജവുബ് പ്ലാറ്റ്‌ഫോമിനുള്ളത്. ആകെ ലഭിച്ച അപേക്ഷകളിൽ 63,000ത്തിലധികം പരാതികളും ഏകദേശം 53,000 റിപ്പോർട്ടുകളും 12,000ത്തിലധികം നിർദേശങ്ങളും 27,000ത്തിലധികം അന്വേഷണങ്ങളും ഉൾപ്പെടുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് സർക്കാർ സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ സെപ്തംബറിലാണ് ‘തജവുബ്’ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. മികച്ച പ്രതികരണമാണ് ആപ്പിന് ലഭിച്ചത്. 4.4 റേറ്റിങ്ങും 40,000ത്തിലധികം ഡൗൺലോഡുകളും ആപ്പ് സ്വന്തമാക്കി.

സർക്കാർ സേവനങ്ങളുടെ വികസനത്തിൽ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഏകീകൃത ദേശീയ ഡിജിറ്റൽ ചാനലായാണ് ‘തജവുബ്’ പ്രവർത്തിക്കുന്നത്. സർക്കാർ പ്രവർത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗുണഭോക്താക്കളുമായുള്ള വിവിധ വകുപ്പുകളുടെ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകമാകുന്നതായി അധികൃതർ വ്യക്തമാക്കി. നിർദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ, അന്വേഷണങ്ങൾ എന്നിവ ക്രമബദ്ധമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകീകൃത പ്രവർത്തന -സംഘടനാ സംവിധാനത്തിലൂടെയാണ് പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. നിലവിൽ 54 സർക്കാർ സ്ഥാപനങ്ങൾ ‘തജവുബ്’ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്.

തജവുബ് പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ നിരവധി വികസന നടപടികൾ നടപ്പാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാതാപിതാക്കൾക്കുള്ള ആപ്പിൽ വിദ്യാർഥികളുടെ ഹാജർ നില ഉൾപ്പെടുത്തുകയും സ്കൂൾ ആരോഗ്യ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. സീബ് പ്രദേശത്തെ അൽ ഹൈൽ സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റിയും തജവുബ് ആപ്പ് നിർദേശങ്ങൾ പരിഗണിച്ച് നടപടി സ്വീകരിച്ചു.

ദേശീയ സ്ഥിതിവിവര-വിവര കേന്ദ്രം (എൻ.സി.എസ്.ഐ) സർവേ അനുമതികൾക്കായുള്ള തത്സമയ ഇലക്ട്രോണിക് പരിശോധനാ സേവനം ആരംഭിച്ചു. വിവരമന്ത്രാലയം ‘ഐൻ’ പ്ലാറ്റ്‌ഫോമിൽ കുട്ടികളുടെ വിദ്യാഭ്യാസ ഉള്ളടക്കം വർഗീകരിക്കുന്ന സേവനവും അവതരിപ്പിച്ചു. ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രാലയം ഒമാൻ മാരിടൈം പോർട്ടൽ ആരംഭിച്ചു. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി റോയൽ ഒമാൻ പൊലീസ് മൊബൈൽ ആപ്പിൽ മൊബൈൽ നമ്പർ പുതുക്കൽ, കുടുംബ രേഖകൾ, സ്പോൺസർഷിപ് വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സേവനങ്ങൾ ആരംഭിച്ചു.

ഇത്തരം വിജയകരമായ ഇടപെടലുകൾ സംബന്ധിച്ച് ‘തജവുബ്’ വെബ്‌സൈറ്റിലെ ‘സക്സസ് സ്റ്റോറീസ്’ വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഗുണഭോക്തൃ നിർദേശങ്ങളെ വികസന നടപടികളാക്കി മാറ്റുന്ന സമീപനവുമാണ് തജവുബ് സ്വീകരിച്ചുവരുന്നത്. വൈകാതെ, വോയ്സ് റെക്കോർഡിങ് സൗകര്യം, അപേക്ഷകൾ ക്രമപ്പെടുത്താനുള്ള സംവിധാനം എന്നിവ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോം പുതുക്കി അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിലൂടെ സർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും പ്രതികരണവും കൂടുതൽ മെച്ചപ്പെടുത്താമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. 

Tags:    
News Summary - More than 1.7 million people visited the 'Tajawub' platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.