അയൺമാൻ ഒമാൻ 70.3 മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പ് 13 മുതൽ

മസ്‌കത്ത്: ‘എക്‌സ്‌പീരിയൻസ് ഒമാൻ -അയേൺമാൻ 70.3 മസ്‌കത്ത്’ മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13, 14 തീയതികളിൽ നടക്കും. സാഹസിക ടൂറിസത്തിന്റെ കേന്ദ്രമായും മേഖലയിൽ സ്പോർട്സ് ടൂറിസത്തിന്റെ മുൻനിര ഹബ്ബായും ഒമാനെ ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. 70.3 മൈൽ (ഏകദേശം 113 കിലോമീറ്റർ) ദൈർഘ്യമുള്ളതാണ് മത്സരം. ട്രയാത്ത്‍ലണിന്റെ മൂന്ന് ഘട്ടങ്ങളായ നീന്തൽ, സൈക്ലിങ്, ദീർഘദൂര ഓട്ടം എന്നിവയാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒമാൻ ഉൾക്കടലിൽ 1.9 കിലോമീറ്റർ ദൂരം നീന്തൽ, ഒമാന്റെ തീരപ്രദേശങ്ങളിലൂടെയും മനോഹരമായ ഭൂപ്രകൃതിയിലൂടെയും 90 കിലോമീറ്റർ സൈക്ലിങ്, കടൽത്തീരത്ത് സമാപിക്കുന്ന 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ എന്നിവയാണ് മത്സര പരിപാടിയെന്ന് അധികൃതർ വിശദീകരിച്ചു. മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ ഇവന്റ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് പൈതൃക -ടൂറിസം മന്ത്രാലയമാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. അയൺമാൻ 70.3 വേൾഡ് സീരീസിന്റെ ഭാഗമായ മത്സരം, മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ ട്രയാത്ത്‍ലൺ മത്സരങ്ങളിലൊന്നാണ്. യോഗ്യത നേടുന്നവർക്ക് 70.3 വേൾഡ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അവസരം ലഭിക്കും.

പൈതൃക -ടൂറിസം മന്ത്രാലയവും അയൺമാൻ ഗ്രൂപ്പ് ഇന്റർനാഷണലും തമ്മിൽ 2030 വരെ നീളുന്ന പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഒമാൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.‘എക്‌സ്‌പീരിയൻസ് ഒമാൻ അയൺമാൻ 70.3 മസ്‌കത്ത്’ ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വം, ഒമാനിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര സവിശേഷതകൾ ആഗോള തലത്തിൽ അവതരിപ്പിക്കുന്നതിന് വലിയ അവസരമണെന്നും ആഗോള സ്പോർട്സ് ടൂറിസം ഭൂപടത്തിൽ ഒമാന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഇത് സഹായകരമാവുമെന്നും ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം മുഹമ്മദ് അൽ ഗസ്സാനി പറഞ്ഞു.

Tags:    
News Summary - Ironman Oman 70.3 Middle East Championship from 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.