മസ്കത്ത്: ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തികവ്യാപാര കരാർപ്രകാരം ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് കയറ്റി അയക്കുന്ന 98.08 ശതമാനം ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ ഒഴിവാകും. ഇത് ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള ആകെ കയറ്റുമതി മൂല്യത്തിന്റെ 99.38 ശതമാനം വരും. അതേസമയം, ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്ന 77.79 ശതമാനം വരുന്ന ചരക്കുകൾക്കാണ് ഇന്ത്യയിൽ കസ്റ്റംസ് തീരുവ ഒഴിവാകുക. ഇത് ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ആകെ ഉൽപന്നങ്ങളുടെ മൂല്യത്തിന്റെ 94.81 ശതമാനം വരും.
ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് കയറ്റി അയക്കുന്ന ചരക്കുകളിൽ തുണിത്തരങ്ങൾ, തുകൽ ഉൽപന്നങ്ങൾ, ഓട്ടോമൊബൈൽസ്, കാർഷിക ഉൽപന്നങ്ങൾ, മരുന്നുകൾ, ജെം ആൻഡ് ജുവലറി, പ്ലാസ്റ്റിക് തുടങ്ങിയവയാണ് തീരുവയിൽനിന്ന് പൂർണമായും ഒഴിവാകുക. അതേസമയം, ഇന്ത്യയിൽനിന്ന് ഒമാനിൽ ഇറക്കുമതിചെയ്യുന്ന പാലുൽപന്നങ്ങൾ, തേയില, കാപ്പി, റബർ ഉൽപന്നങ്ങൾ, പുകയില ഉൽപന്നങ്ങൾ തുടങ്ങിയവക്ക് തീരുവ നിലനിൽക്കും. ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ, ജിപ്സം, മിനറൽസ് തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതിചെയ്യുന്നത്.
ഒമാനിൽ നിക്ഷേപം നടത്തുന്ന പത്ത് മുൻനിര രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നുണ്ട്. 2025ലെ ആദ്യ പാദത്തിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഏകദേശം 286 ദശലക്ഷം റിയാലായി.
സ്റ്റീൽ, വളം, ശുദ്ധ ഊർജം, ആരോഗ്യ, പെട്രോകെമിക്കൽ മേഖലകളിലാണ് പ്രധാന നിക്ഷേപങ്ങൾ. ഭക്ഷ്യ-മരുന്ന് സുരക്ഷ, കൃഷി, ആരോഗ്യം, ബയോടെക്നോളജി, ഡിജിറ്റൽ വ്യാപാരം, ലോജിസ്റ്റിക്സ്, ഖനനം, നവീകരണം, ടൂറിസം തുടങ്ങിയ മേഖലകളിലും കരാർ വഴി സഹകരണം ശക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.