മസ്കത്ത്: ആർട്ടൺ കാപ്പിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്കിങ്ങിൽ ഒമാന് 51ാം സ്ഥാനം. 97 പോയന്റുമായാണ് ഒമാന്റെ നേട്ടം. കഴിഞ്ഞ ജൂലൈയിൽ പുറത്തിറക്കിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഒമാൻ 56ാം സ്ഥാനത്തായിരുന്നു.
ആർട്ടൺ കാപ്പിറ്റൽ ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്കിങ്ങിൽ യു.എ.ഇ പാസ്പോർട്ട് ആണ് ഒന്നാം സ്ഥാനത്തുള്ളത്. സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് രണ്ടാമത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് 175 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രാനുമതി നൽകുന്നു. പാസ്പോർട്ട് ഇൻഡക്സിൽ മൊത്തം 199 രാജ്യങ്ങളെയാണ് പരിഗണിച്ചത്. ഇതിൽ 193 യുനൈറ്റഡ് നാഷൻസ് അംഗരാജ്യങ്ങളും ആറ് ടെറിട്ടറീസുകളും ഉൾപ്പെടുന്നു. ഓരോ രാജ്യത്തിന്റെയും മൊബിലിറ്റി സ്കോർ, വിസ ഫ്രീ -വിസ ഓൺ അറൈവൽ പ്രവേശനത്തിന്റെ അനുപാതം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിർണയിച്ചത്.
മൂന്നാം സ്ഥാനം 174 പോയന്റുമായി 18 രാജ്യങ്ങൾ പങ്കിടുന്നുണ്ട്. മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ ഏഷ്യൻ രാജ്യങ്ങൾക്കു പുറമെ, ബെൽജിയം, ഫ്രാൻസ്, സ്വീഡൻ, ജർമനി, നെതർലാൻഡ്, ഫിൻലാൻഡ്, ലക്സംബർഗ്, ഇറ്റലി, ഡെൻമാർക്ക്, പോർചുഗൽ, സ്വിറ്റ്സർലാൻഡ്, ഗ്രീസ്, ഓസ്ട്രിയ, നോർവേ, അയർലൻഡ് എന്നീ രാജ്യങ്ങളും മൂന്നാം സ്ഥാനത്താണുള്ളത്.
ജി.സി.സി രാജ്യങ്ങളിൽ ഖത്തർ പാസ്പോർട്ട് 44ാം സ്ഥാനത്താണ്. 45ാം സ്ഥാനത്താണ് കുവൈത്ത് പാസ്പോർട്ടിന്റെ സ്ഥാനം. സൗദി അറേബ്യ, ബഹ്റൈൻ പാസ്പോർട്ടുകൾ 48ാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയുടെ പാസ്പോർട്ട് 74 പോയന്റുമായി 67ാം സ്ഥാനത്താണുള്ളത്. പട്ടികയിൽ ഏറ്റവും താഴെയുള്ള രാജ്യങ്ങൾ ഇറാഖ് (92), സിറിയ (93), അഫ്ഗാനിസ്താൻ (94) എന്നിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.