എണ്ണ വരുമാനം: ബജറ്റ് മിച്ചം 357 ദശലക്ഷം റിയാൽ ആയി

മസ്കത്ത്: എണ്ണ വില ഇരട്ടിയിലധികം വർധിച്ച് റെക്കോഡ് വരുമാനം നേടിയ പശ്ചാത്തലത്തിൽ ഈ വർഷത്തെ ആദ്യപാദത്തിൽ രാജ്യത്തിന്‍റെ ബജറ്റ് 357 ദശലക്ഷം റിയാൽ മിച്ചം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 751 ദശലക്ഷം റിയാലിന്‍റെ കമ്മിയായിരുന്നു ഉണ്ടായിരുന്നത്. സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മൊത്തം വരുമാനം 66.3 ശതമാനം വർധിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 3.25 ശതകോടി റിയാലായി. 2021ലെ ഇക്കാലയളവിൽ 1.819 ശതകോടി റിയാലായിരുന്നു വരുമാനം. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിനും മുൻഗണന വികസന പദ്ധതികളുടെ ചെലവ് വർധിപ്പിക്കുന്നതിനും കടബാധ്യതയുടെ തോത് കുറക്കുന്നതിനു ബജറ്റിലെ മിച്ചം വന്നതും വിനിയോഗിക്കാമെന്ന് മന്ത്രാലയത്തിന്‍റെ ത്രൈമാസ ബുള്ളറ്റിൻ പറയുന്നു.

മൊത്ത എണ്ണ വരുമാനം 1.565 ശതകോടി റിയാലിന്‍റെ റെക്കോഡ് നേട്ടമാണ് ഉണ്ടായത്. മുൻവർഷവുമായി ഇക്കാലയളവിൽ താരതമ്യം ചെയ്യുമ്പോൾ 70.2 ശതമാനത്തിന്‍റെ ഉയർച്ച. ക്രൂഡ് ഓയിൽ ബാരലിന് ശരാശരി 78 ഡോളറിനാണ് വിറ്റത്. ഒരുവർഷം മുമ്പ് ഇത് 45 ഡോളറായിരുന്നു. ഈ വർഷം എണ്ണം ഉൽപാദനം പ്രതിദിനം 1.25 ദശലക്ഷം ബാരലായി ഉയർന്നു. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 9,52,000 ബാരലായിരുന്നു പ്രതിദിനം ഉൽപാദിപ്പിച്ചിരുന്നത്. ഗ്യാസ് വിലയുടെയും ഉൽപാദനത്തിലെയും വർധന കാരണം 2021നെ അപേക്ഷിച്ച് ഗ്യാസ് വരുമാനം ഈവർഷം ഏകദേശം 454 ദശലക്ഷം റിയാലിൽ എത്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 124.4 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിലവിലെ വരുമാനം 23.7 ശതമാനം വർധിച്ചതായി മന്ത്രാലയത്തിന്‍റെ ബുള്ളറ്റിൻ പറയുന്നു.

കോവിഡ് വ്യാപനം ലഘൂകരിക്കാൻ എടുത്ത നടപടികളും എണ്ണവിലയിലും ഉൽപാദനത്തിലും ഉണ്ടായ പുരോഗതിയുടെയും അടിസ്ഥാനത്തിൽ ഒമാൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്‍റെ പാതയിലാണെന്ന് ഏപ്രിലിൽ ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Oil revenue: Budget surplus 357 million riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.