മരുഭൂമിയിലെ മൺസൂണിൽ ഇനി സിഗ്നൽ കട്ടാവില്ല! 5ജി ഉൾപ്പെടെ വിപുല സൗകര്യങ്ങൾ

സലാല: മരുഭൂമിയിലെ മൺസൂൺ സീസണായ ഖരീഫ് ദോഫാറിനോടനുബന്ധിച്ച് ദോഫാർ ഗവർണറേറ്റിലെ ടെലികമ്യൂണിക്കേഷൻ ശൃംഖലകൾ കൂടുതൽ വിപുലപ്പെടുത്തി. വാർഷിക മൺസൂൺ കാലത്ത് സലാലയിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്ത ആശയവിനിമയ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായാണ് വിപുലമായ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരിക്കുന്നത്.

കവറേജ് വ്യാപിപ്പിക്കുന്നതിനായി വിവിധയിടങ്ങളിലായി 29 പുതിയ കമ്മ്യൂണിക്കേഷൻ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് യാത്രക്കാർക്ക് സുരക്ഷിതവും തടസ്സരഹിതവുമായ കണക്റ്റിവിറ്റി ഉറപ്പാക്കാൻ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ മാത്രം 13 പുതിയ സ്റ്റേഷനുകൾ സജ്ജമാക്കി. ഡാറ്റാ വേഗതയും കമ്മ്യൂണിക്കേഷൻ സേവനങ്ങളും മെച്ചപ്പെടുത്താൻ 40 മൊബൈൽ സ്റ്റേഷനുകൾ 5G സാങ്കേതികവിദ്യയിലേക്ക് ഉയർത്തിയിട്ടുണ്ട്. നെറ്റ്‌വർക്ക് വേഗത ഉറപ്പാക്കാൻ 58 ലിങ്കുകളുടെ ശേഷി വർധിപ്പിക്കുകയും, കാര്യക്ഷമത കൂട്ടാനായി 30 സ്റ്റേഷനുകളുടെ ട്രാൻസ്മിഷൻ ലൈനുകൾ നവീകരിക്കുകയും ചെയ്തു.

വിനോദസഞ്ചാരികൾ കൂട്ടത്തോടെ എത്തുന്ന പ്രധാന കേന്ദ്രങ്ങളിലെ തിരക്ക് പരിഹരിക്കാൻ 38 താൽക്കാലിക മൊബൈൽ സ്റ്റേഷനുകൾ അധികമായി ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാര സീസണുകളിൽ ഉപഭോക്താക്കൾക്ക് മികച്ചതും സുരക്ഷിതവുമായ ഡിജിറ്റൽ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരുക്കങ്ങളെന്ന് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. ദോഫാർ ഗവർണറേറ്റിലുടനീളം സുസ്ഥിരമായ ശൃംഖല ഉറപ്പാക്കാൻ ഇതുവഴി സാധിക്കും.

Tags:    
News Summary - No more signal drops during desert monsoon! 5G and extensive facilities deployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.