ഇന്ത്യൻ സ്കൂൾ റുസ്താഖിൽ അത്യാധുനിക ലാബുകൾ സജ്ജീകരിച്ചു
റുസ്താഖ്: ഇന്ത്യൻ സ്കൂൾ റുസ്താഖിൽ സജ്ജീകരിച്ച നാല് അത്യാധുനിക ലാബുകളുടെ ഉദ്ഘാടനം ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ നിർവഹിച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ ഹർഷേന്ദു ഷാ, കൃഷ്ണേന്ദു, ഡോ. സുരേന്ദ്ര സ്വാമി, അമർ ശ്രീവാസ്തവ എന്നിവരും സീനിയർ പ്രിൻസിപ്പലും ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ എജുക്കേഷനൽ അഡ്വൈസറുമായ വിനോബ എം.പി, ഇന്ത്യൻ സ്കൂൾ മുലദ്ദ മുൻ എസ്.എം.സി പ്രസിഡൻറ് ഡോ. മാത്യു വർഗീസ്, നിലവിലെ എസ്.എം.സി പ്രസിഡൻറ് എം.ടി. മുസ്തഫ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
ആധുനിക സാങ്കേതികവിദ്യയും അനുഭവാധിഷ്ഠിത പഠനവും സമന്വയിപ്പിച്ച് വിദ്യാർഥികളുടെ ശാസ്ത്രീയവും സാങ്കേതികവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായാണ് എ.ഐ ആൻഡ് ഇന്നവേഷൻ ലാബ്, കോംപസിറ്റ് സയൻസ് ലാബ്, ലാംഗ്വേജ് ആൻഡ് കമ്മ്യൂണിക്കേഷൻ ലാബ്, ജൂനിയർ കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നത്.
സ്കൂൾ അധികൃതർ, മാനേജ്മെൻറ് പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എസ്.എം.സി. കൺവീനർ ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. എസ്.എം.സി. പ്രസിഡൻറ് ഹരികൃഷ്ണൻ സ്കൂളിൻറെ ഭാവി വികസനപദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
എ.ഐ ആൻഡ് ഇന്നൊവേഷൻ ലാബിൽ ത്രിഡി പ്രിൻറിങ്, മെക്കാട്രോണിക്സ്, ആർഡ്വിനോ അധിഷ്ഠിത റോബോട്ടിക്സ്, റിമോട്ട് കൺട്രോൾ സംവിധാനങ്ങൾ, പ്രകാശത്തെ പിന്തുടരുന്ന വാഹനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തന മാതൃകകൾ വിദ്യാർഥികൾ അവതരിപ്പിച്ചു.
കോംപസിറ്റ് സയൻസ് ലാബിൽ എട്ടും ഒമ്പതും ക്ലാസുകളിലെ വിദ്യാർഥികൾ കാറ്റലിസ്റ്റുകൾ, എക്സോതെർമിക് കെമിക്കൽ റിയാക്ഷനുകൾ, നാച്ചുറൽ ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയെ ആസ്പദമാക്കിയുള്ള ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ചു. സി.ബി.എസ്.ഇ.യുടെ അനുഭവാധിഷ്ഠിത പഠനരീതിക്ക് അനുയോജ്യമായാണ് ലാബ് ഒരുക്കിയിരിക്കുന്നത്.
ലാംഗ്വേജ് ആൻഡ് കമ്മ്യൂണിക്കേഷൻ ലാബിൽ സംസാരശേഷി, ശ്രവണശേഷി, ഉച്ചാരണശുദ്ധി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാർഥികൾ പരിചയപ്പെടുത്തി. പ്രാഥമികതലത്തിൽ തന്നെ വിദ്യാർഥികളിൽ സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായാണ് ജൂനിയർ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ലാബുകൾ സന്ദർശിച്ച മുഖ്യാതിഥി, ആധുനിക പഠനസൗകര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുമായി സംവാദവും ചോദ്യോത്തരവേളയും നടന്നു.
ചടങ്ങിനോടനുബന്ധിച്ച് സ്വാഗതനൃത്തം, സംഘഗാനം, ‘യൂനിറ്റി ഇൻ ഡൈവേഴ്സിറ്റി @ ഐ.എസ്.ആർ’ എന്ന പേരിലുള്ള പരമ്പരാഗത വേഷപ്രദർശനം, വിദ്യാർഥികളുടെ കലാസൃഷ്ടികളുടെ അവതരണം എന്നിവയും അരങ്ങേറി. ഇന്ത്യൻ സ്കൂൾ റുസ്താഖ് പ്രിൻസിപ്പൽ അബു ഹുസൈൻ നന്ദി രേഖപ്പെടുത്തി. വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്ത, സർഗാത്മകത, സാങ്കേതിക വൈദഗ്ധ്യം, ആശയവിനിമയശേഷി എന്നിവ വളർത്തുന്നതിനും പ്രായോഗിക പഠനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും പുതിയ ലാബുകൾ സഹായകമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.