ഹമീദ്
ഈ നാടെനിക്ക് പകർന്നത് സന്തോഷം മാത്രം ! പ്രവാസ ജീവിതത്തോട് വിട പറയാനൊരുങ്ങി ഹമീദ്
ബർക്ക: ‘‘ഈ നാടെനിക്ക് സന്തോഷം മാത്രമേ പകർന്നിട്ടുള്ളൂ. ഏതു പ്രതിസന്ധിയിലും മനസ്സ് ഒരിക്കലും പതറരുത്. മാനസികമായ ആരോഗ്യമാണ് ഏറ്റവും പ്രധാനം’’- ബർക്കയിലെ പ്രവാസിയായ ഹമീദിന്റെതാണ് ഈ വാക്കുകൾ. 31 ആം വയസ്സിൽ ഒമാനിലെത്തി പല പ്രതിസന്ധികളിലൂടെയും യാത്ര ചെയ്ത് 31 വർഷത്തെ പ്രവാസ ജീവിതവും അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ കോഴിക്കോട് കുറ്റ്യാടി ചങ്ങരോത്ത് എടത്തിൽ ഹമീദിന് ( 62 ) മനസ്സിൽ നിറഞ്ഞ സംതൃപ്തി മാത്രം. പ്രവാസ ജീവിതത്തിലെ അധ്വാനം കൊണ്ട് തന്റെ കുടുംബത്തെ കരകയറ്റാനായതിന്റെ ആത്മ നിർവൃതി ആ വാക്കുകളിൽ നിറയുന്നു.
‘അധ്വാനിക്കാനുള്ള മനസ്സാണ് നമ്മൾക്ക് വേണ്ടത്. ഈ അറുപത്തിരണ്ടാം വയസ്സിലും ഒരു ചാക്ക് സിമന്റ് കൂളായി ഏറ്റാൻ ഇപ്പോഴുമെനിക്ക് കഴിയും...’- ഹമീദ് ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കവെ ആത്മവിശ്വാസത്തോടെ പറഞ്ഞു.
1995 ഒക്ടോബർ 15നാണ് ഹമീദ് ഒമാനിലെത്തുന്നത്. തോട്ടത്തിലെ പണിയാണെന്ന് കേട്ടപ്പോൾ പൂന്തോട്ടത്തിലെ പണിയാണെന്നാണ് ഹമീദ് കരുതിയത്. എന്നാൽ, റുമൈസിന് സമീപം അൽബാനിൽ ഈന്തപ്പനയടക്കമുള്ള തോട്ടത്തിലായിരുന്നു പണി. അന്ന് കറന്റുണ്ടായിരുന്നില്ല. ഡീസൽ മോട്ടോർ കൈകൊണ്ട് തിരിച്ച് സ്റ്റാർട്ടാക്കി തോട്ടത്തിൽ വെള്ളമെത്തിക്കണം. കടുത്ത ഏകാന്തയായിരുന്നു അവിടെ. ഒരു പൂച്ചയും പട്ടിയും റാന്തൽ വിളക്കുമായിരുന്നു ആകെ കൂട്ടിനുണ്ടായിരുന്നത്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വേറെ തോട്ടത്തിലേക്ക് മാറി. രണ്ടു മൂന്നാഴ്ച അവിടെയും ഇവിടയുമൊക്കെയായി പല തോട്ടങ്ങളിൽ പണിയെടുത്തു. ഫ്രീ വിസയായതിനാൽ പ്രശ്നമുണ്ടായിരുന്നില്ല. പിന്നീട്, ഇബ്രിയിൽ മലയാളിയുടെ കൂടെ വണ്ടിയിൽ സെയിൽസ്മാനായി ജോലി കിട്ടിയതോടെയാണ് ജീവിതം പച്ചപിടിച്ചു തുടങ്ങിയത്. സ്വദേശിവൽകരണം വന്നപ്പോൾ ആ പണിയും വിടേണ്ടി വന്നു.
പിന്നീട് സുവൈഖിൽ മില്ലിൽ കുറച്ചുകാലം പണിയെടുത്തു. 20 വർഷം മുമ്പ് ഖദ്റക്ക് സമീപം സ്വന്തമായി മിൽ തുടങ്ങിയെങ്കിലും നഷ്ടത്തിലായതോടെ സാമ്പത്തികമായി തകർന്നു. പിന്നീട് എട്ടുമാസത്തോളം റുസ്താഖിലെ അവാബിയിൽ വൈദ്യുതി പോസ്റ്റ് തോളിലേറ്റി മലയിൽ കൊണ്ടെത്തിക്കുന്ന പണി ചെയ്തു. മലയിലെ ഗ്രാമത്തിൽ വൈദ്യുതി എത്തിക്കുന്ന പ്രൊജക്ടിനുവേണ്ടിയായിരുന്നു അത്. കഷ്ടപ്പാടിന് പൈസ നല്ലോണം കിട്ടിയെങ്കിലും ഗ്രാമത്തിൽ വൈദ്യുതി എത്തുംവരെ മാത്രമായിരുന്നു ആ ജോലി. അങ്ങനെ പലവിധ പണികൾക്കൊടുവിൽ ഇപ്പോൾ ബർക്കയിൽ ഗ്ലോബൽ ഇന്റർനാഷനലിലാണ് ഹമീദിന്റെ അവസാന താവളം.
നമ്മൾ കുറെ കഷ്ടപ്പെട്ടാലും ഗൾഫ് ജീവിതം കൊണ്ട് കുടുംബത്തെ രക്ഷപ്പെടുത്താനായി. മൂന്നു മക്കളെയും കല്യാണം കഴിച്ചയച്ചു. നാലാമത്തെ മോളുടെ കല്യാണത്തിനുള്ള കാര്യങ്ങൾ നാട്ടിലെത്തിയിട്ട് വേഗത്തിലാക്കണം. നാട്ടിലെത്തിയാലും എന്തെങ്കിലുമൊക്കെ പണിചെയ്യണം. വിശ്രമ ജീവിതം എന്നൊന്നില്ലെന്ന് മനഃക്കരുത്തുള്ള വാക്കുകളിൽ ഹമീദ് പറഞ്ഞുനിർത്തുന്നു. മൂന്നു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ശനിയാഴ്ച രാത്രി ഹമീദ് നാട്ടിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.