മസ്കത്തിൽനടന്ന ഒമാൻ- ഖത്തർ ഉന്നത മന്ത്രി തല യോഗത്തിൽനിന്ന്
ഒമാൻ-ഖത്തർ സാമ്പത്തിക-നിക്ഷേപ സഹകരണം ശക്തമാക്കും; മസ്കത്തിൽ മന്ത്രിതല ചർച്ച നടന്നു
മസ്‌കത്ത്: ഒമാനും ഖത്തറും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, നിക്ഷേപ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ഉന്നത മന്ത്രിമാർ പങ്കെടുത്ത പ്രത്യേക ചർച്ച മസ്‌കത്തിലെ ‘ഇൻവെസ്റ്റ് ഇൻ ഒമാൻ’ ഹാളിൽ നടന്നു. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി, ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതിക വകുപ്പ് മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്‌വാലി എന്നിവർ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ വാണിജ്യ-വ്യവസായ ബന്ധങ്ങൾ വിലയിരുത്തിയ യോഗം ഗതാഗതം, ലോജിസ്റ്റിക്സ്, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വിപുലമാക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടുതൽ സംയുക്ത നിക്ഷേപങ്ങളും പദ്ധതികളും കൊണ്ടുവരാൻ യോഗത്തിൽ ധാരണയായി. ഇത് സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക മത്സരശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും. ഇരുരാജ്യങ്ങളിലെയും വ്യവസായികൾ തമ്മിലുള്ള സമ്പർക്കം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാർ ഊന്നിപ്പറഞ്ഞു.
ഒമാൻ നിക്ഷേപ പ്രോത്സാഹന കാര്യ വക്താവ് ഇബ്തിസാം ബിൻത് അഹമ്മദ് അൽ ഫറൂജി, വാണിജ്യ വ്യവസായ വക്താവ് എഞ്ചിനീയർ ഗാലിബ് ബിൻ സഈദ് അൽ മഅ്‌മരി, ഒമാനിലെ ഖത്തർ അംബാസഡർ ശൈഖ് മുബാറക് ബിൻ ഫഹദ് ജാസിം മുഹമ്മദ് ആൽഥാനി എന്നിവരുൾപ്പെടെ ഇരുഭാഗത്തുനിന്നുമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഒമാനും ഖത്തറും തമ്മിലുള്ള ചരിത്രപരമായ സഹോദരബന്ധത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.