പുനരുദ്ധാരണം നടത്തിയ സീബ് കോട്ട
പൈതൃകമുദ്രയായി സീബ് കോട്ട; 200 വർഷം പഴക്കമുള്ള ചരിത്രസ്മാരകം പുനരുദ്ധരിച്ചു
മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ പ്രമുഖ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ സീബ് കോട്ട പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിൽ പുനരുദ്ധരിച്ചു. സുൽത്താൻ സഈദ് ബിൻ സുൽത്താൻ അൽ ബുസൈദിയുടെ ഭരണകാലത്ത് 1820-ലാണ് ഈ കോട്ട നിർമിച്ചത്.
തുടക്കത്തിൽ വാലിയുടെയും കുടുംബത്തിന്റെയും ഔദ്യോഗിക വസതിയായിരുന്ന കോട്ട, പിന്നീട് സീബ് വിലായത്തിന്റെ ഭരണപരമായ ആസ്ഥാനമായി മാറി. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും തർക്കങ്ങൾ തീർപ്പാക്കുന്നതിനും ജുഡീഷ്യൽ വിധികൾ പുറപ്പെടുവിക്കുന്നതിനും ഇവിടെയായിരുന്നു സൗകര്യമൊരുക്കിയിരുന്നത്.
പഴയ ഫോട്ടോകൾ, ചരിത്രരേഖകൾ, വാമൊഴിയായി കൈമാറിവന്ന വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് പുനരുദ്ധാരണം പൂർത്തിയാക്കിയതെന്ന് കാസിൽസ്, ഫോർട്ട്സ് ആന്റ് ഹിസ്റ്റോറിക്കൽ ലാൻഡ്മാർക്ക്സ് ആക്ടിംഗ് ഡയറക്ടർ അസ്മ ബിൻത് ഹിലാൽ അൽ ഖരൂസി പറഞ്ഞു. 2023 സെപ്റ്റംബർ 11-ന് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബർ 15-നാണ് പൂർത്തിയായത്. കോട്ടയുടെ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനിടയിൽ കണ്ടെത്തിയ യഥാർഥ അടിത്തറയുടെ ഭാഗങ്ങൾ രേഖപ്പെടുത്തുകയും അവ പുതിയ കെട്ടിടങ്ങളുടെ സ്ഥാനവും അളവുകളും നിർണയിക്കാൻ ഉപയോഗിക്കുകയും ചെയ്തു.
2,975 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കോട്ടക്ക് ‘അൽ ഖസബ’ എന്ന് വിളിക്കുന്ന ഒരു പ്രധാന ഘടനയുണ്ട്. ഇതുകൂടാതെ സബ്‌ല (കൗൺസിൽ ഹാൾ), ഗാർഡ് റൂം, സ്റ്റീം റൂം എന്നിവയും ഇതിലുണ്ട്. രണ്ട് നിലകളുള്ള അൽ ഖസബ കെട്ടിടത്തിൽ ഓരോ നിലയിലും രണ്ട് മുറികൾ വീതമാണുള്ളത്. മുകളിലത്തെ മുറികൾ വാലിയുടെ താമസത്തിനായും താഴത്തെ മുറികൾ സ്റ്റോറേജ് ഏരിയയായും ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് വാലിയുടെയും ജഡ്ജിയുടെയും ഓഫിസുകളാക്കി മാറ്റി.
വാലിയെയും ജഡ്ജിയെയും കാണാനെത്തുന്നവരുടെ വിശ്രമമുറിയായും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന കൗൺസിൽ ഹാളായുമാണ് സബ്‌ല പ്രവർത്തിച്ചിരുന്നത്. പെരുന്നാൾ ആഘോഷങ്ങളുടെ ഒത്തുചേരലുകളും ഇവിടെയാണ് നടന്നിരുന്നത്. വൻമതിലുകൾ, ശത്രുക്കളെ പ്രതിരോധിക്കാനുള്ള പ്രത്യേക ദ്വാരങ്ങൾ, മുറ്റത്തെ കിണർ എന്നിവ കോട്ടയുടെ മറ്റ് പ്രത്യേകതകളാണ്.
കോട്ടയുടെ ചരിത്രപരമായ മൂല്യം നിലനിർത്തിക്കൊണ്ടുതന്നെ ഇതിനെ ഉപയോഗയുക്തമാക്കാനാണ് പൈതൃക-ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്. കോട്ടയുടെ പുനരുദ്ധാരണം സ്വദേശി-വിദേശി സഞ്ചാരികളെ ആകർഷിക്കുന്ന മികച്ചൊരു ടൂറിസ്റ്റ് കേന്ദ്രമായി ഇതിനെ മാറ്റുമെന്ന് സീബ് വിലായത്തിനെ പ്രതിനിധീകരിക്കുന്ന ശൂറ കൗൺസിൽ അംഗം ശൈഖ് അലി ബിൻ മൻസൂർ അൽ അമ്രി പ്രത്യാശ പ്രകടിപ്പിച്ചു. 1994 നവംബറിലാണ് സീബ് വാലിയുടെ ഓഫിസ് കോട്ടയിൽ നിന്നും ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.