മനാമയിൽ നടന്ന ജി.സി.സി കാർഷിക സഹകരണ- ഭക്ഷ്യ സുരക്ഷാസമിതിയുടെ മുപ്പത്തിയെട്ടാമത് മന്ത്രിതല യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ

ഭക്ഷ്യ-മരുന്ന് സംഭരണം: ജി.സി.സിയിൽ തന്ത്രപ്രധാന സംഭരണ മേഖലകൾ വരുന്നു

മനാമ/മസ്കത്ത്: അടിയന്തര സാഹചര്യങ്ങളെയും പ്രതിസന്ധികളെയും നേരിടുന്നതിനായി ജി.സി.സി രാജ്യങ്ങളിൽ ഉടനീളം ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ ശേഖരിച്ചുവെക്കുന്നതിനായുള്ള തന്ത്രപ്രധാന സംഭരണ മേഖലകൾ സ്ഥാപിക്കാൻ നിർദേശം. ബഹ്‌റൈനിലെ മനാമയിൽ നടന്ന ജി.സി.സി കാർഷിക സഹകരണ- ഭക്ഷ്യ സുരക്ഷാസമിതിയുടെ മുപ്പത്തിയെട്ടാമത് മന്ത്രിതല യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം. ഇതിന് പുറമെ ജി.സി.സി ഭക്ഷ്യസുരക്ഷാ സ്ട്രാറ്റജിക്കും യോഗം അംഗീകാരം നൽകി.

യോഗത്തിൽ കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒമാൻ പ്രതിനിധികളും സംബന്ധിച്ചു. കാർഷിക, മത്സ്യബന്ധന, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ബിൻ ഹമൗദ് അൽ ഹബ്സിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘമാണ് ഒമാനെ പ്രതിനിധീകരിച്ചത്.

സസ്യ ജനിതക വിഭവ ബാങ്കുകളുടെ ഉപയോഗത്തിനായുള്ള നിയന്ത്രണ ചട്ടക്കൂടുകൾ, കീടനാശിനികൾ, വളങ്ങൾ, കാർഷിക ഉൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജി.സി.സി നിയമങ്ങൾ പരിഷ്കരിക്കൽ എന്നിവയും യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെട്ടു. ഓർഗാനിക് ഉൽപന്നങ്ങൾക്കായുള്ള ഏകീകൃത നിയമം യോഗം അംഗീകരിച്ചു. വെറ്ററിനറി ക്വാറന്റൈൻ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ്, വെറ്ററിനറി മരുന്നുകളും വാക്സിനുകളും വാങ്ങുന്നതിനുള്ള ഏകീകൃത പ്രോഗ്രാം എന്നിവയും യോഗം വിലയിരുത്തി. ചില പ്രത്യേക ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ പിടിക്കുന്നതുമായി ബന്ധപ്പെട്ട ജി.സി.സി ഏകീകൃത പഠന റിപ്പോർട്ടിന്മേലുള്ള അനുമതികൾ നീട്ടുന്നതിനും യോഗത്തിൽ ധാരണയായിട്ടുണ്ട്.

Tags:    
News Summary - Strategic Food and Medicine Reserves: GCC Plans New Storage Hubs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.