മസ്കത്ത്: രണ്ടാം വിളവെടുപ്പ് തുടങ്ങിയതോടെ ഒമാൻ പച്ചക്കറികൾ വിപണി കീഴടക്കി തുടങ്ങി. ഇതോടെ പച്ചക്കറിയുടെ വിലയും കുറഞ്ഞു. തക്കാളി അടക്കമുള്ളവയുടെ വിലയാണ് കുറഞ്ഞത്. ആറ് കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് ഒരു റിയാലാണ് കഴിഞ്ഞ ദിവസം മൊത്ത വ്യാപാരികൾ ഈടാക്കിയത്. മറ്റ് പച്ചക്കറി വിഭവങ്ങളുടെ വിലയും കഴിഞ്ഞ വർഷത്തെ പോലെ തന്നെയാണെന്ന് മൊത്ത വ്യാപാരികൾ പറഞ്ഞു. ഈ വർഷം പച്ചക്കറി ഉൽപാദകർക്ക് അനുകൂലമായ കാലാവസ്ഥയായിരുന്നുവെന്നും അതിനാൽ പച്ചക്കറികൾ മികച്ച ഗുണനിലവാരമുള്ളവയാണെന്നും സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു.
മഴയും കാറ്റും അടക്കമുള്ള പ്രതികൂല കാലവാസ്ഥ അനുഭവപ്പെടാത്തതിനാൽ ഒമാന്റെ പച്ചക്കറി വിഭവങ്ങൾ മികച്ച ഗുണനിലവാാരമുള്ളതാണ്. ഒമാനിൽ കീടനാശിനി ഉപയോഗത്തിന് വൻ നിയന്ത്രണം ഉള്ളതിനാൽ പൊതുവെ ഒമാനി പച്ചക്കറികൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണ്. പ്രതികൂല കാലാവസ്ഥയും ഉണ്ടാവുമ്പോൾ കീടനാശിനികളും കേടാവാതെ സൂക്ഷിക്കാൻ പറ്റുന്ന ലായനികളും ഉപയോഗിക്കാൻ കഴിയാത്തതിനാൽ മഴയും മറ്റ് പ്രതികൂല കാലാവസ്ഥയും ഉണ്ടാവുമ്പോൾ ഒമാൻ പച്ചക്കറികൾ പെട്ടെന്ന് കേടു വരും. ഈ വർഷം കാലാവസ്ഥ നല്ലതായതിനാൽ മികച്ച ഗുണ നിലവാരമുള്ള പച്ചക്കറികളാണ് ഈ വർഷം വിപണിയിലുള്ളത്.ഒമാൻ സർക്കാർ കഴിഞ്ഞ ഏതാനും വർഷമായി കീടനാശിനി ഉപയോഗത്തിന് വൻ നിയന്ത്രണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതിനാൽ അപകടകരമായ കീടനാശിനികൾ ഉപയോഗിക്കുന്നതിനും വിൽപന നടത്തുന്നതുമൊക്കെ നിയമ വിരുദ്ധമാണ്. ഇത്തരം കീടനാശിനികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഫാമുുകളിലും മറ്റും പരിശോധനയും നടത്തുന്നുണ്ട്. കീടനാശിനിയുടെ അളവ് കുറഞ്ഞത് കയറ്റുമതി മേഖലക്ക് അനുഗ്രഹമാണെന്നും അബ്ദുൽ വാഹിദ് പറഞ്ഞു. കീടനാശിനിയുടെ അളവ് കൂടുതലുള്ള പച്ചക്കറികൾക്ക് പല രാജ്യങ്ങളിലും ഇറക്കുമതി വിലക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യമായി ദുബൈ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി നടക്കുന്നത്.
തക്കാളി, കാബേജ്, കാപ്സിക്കം, വഴുതന, പയർ, വെണ്ട, കദ്ദു, കൂസ, കക്കിരി, കോളി ഫ്ലവർ, കസ്സ്, പാവക്ക, പടവലം, ബീൻസ്, ലോങ് ബീൻസ്, ബിറ്റ്റൂട്ട്, കുമ്പളം അടക്കമുള്ള എല്ലാ ഉൽപന്നങ്ങളും വിപണിയിൽ ധാരാളമായി ലഭിക്കുന്നുണ്ട്. ഈ ഇനം പച്ചക്കറികൾക്കെല്ലാം വിലയും കുറഞ്ഞിട്ടുണ്ട്. ഒന്നാം വിളയോടെ ഒമാൻ പച്ചക്കറികൾ വിപണിയിലെത്തുമെങ്കിലും രണ്ടാം വിളയോടെയാണ് പച്ചക്കറികൾ ഉൽപന്നങ്ങൾ സുലഭമായി ലഭിക്കുന്നത്. അതിനാൽ രണ്ടാം വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് ഒമാൻ പച്ചക്കറികളുടെ വില കുറയുന്നത്. മെയ് പകുതി വരെ ഒമാൻ പച്ചക്കറി സീസൺ തുടരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.