പൊതുഗതാഗത മേഖല ശക്തിപ്പെടുത്താന്‍ മുവാസലാത്ത്:  എട്ടു പുതിയ റൂട്ടുകളില്‍കൂടി സര്‍വിസ് ആരംഭിക്കും

മസ്കത്ത്: പൊതുഗതാഗത മേഖല ശക്തിപ്പെടുത്താന്‍ മുവാസലാത്ത്. പുതുതായി എട്ട് റൂട്ടുകളില്‍കൂടി സര്‍വിസ് ആരംഭിക്കാനാണ് പദ്ധതി. ഇതിനായി 118 ബസുകള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സി.ഇ.ഒ അഹമ്മദ് അല്‍ ബലൂഷി മസ്കത്തില്‍ പറഞ്ഞു. ഈ ബസുകള്‍ ലഭിച്ചശേഷമാകും പുതിയ എട്ടു റൂട്ടുകളില്‍ സര്‍വിസ് ആരംഭിക്കുക.
 പൊതുഗതാഗത മേഖലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ 350 പുതിയ ബസുകള്‍ വാങ്ങാനുള്ള പദ്ധതിയുടെ ഭാഗമാണിത്. 
പൊതുഗതാഗത മേഖലയില്‍ 300 ദശലക്ഷം ഡോളറിന്‍െറ നിക്ഷേപം നടത്താനും പദ്ധതിയുണ്ടെന്ന് മസ്കത്തില്‍ മെന മേഖലയിലെ പൊതുഗതാഗത മേഖലയുമായി ബന്ധപ്പെട്ട സമ്മേളനമായ യു.ടി.ഐ.പി മെന സെമിനാറിനത്തെിയ അഹമ്മദ് അല്‍ ബലൂഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
118 ബസുകള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ ടെന്‍ഡര്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം അവസാനത്തോടെ ബസുകള്‍ ലഭിക്കും. ഇതിന് ശേഷമാകും പുതിയ എട്ട് റൂട്ടുകളില്‍ സര്‍വിസ് ആരംഭിക്കുക. ഇതിനൊപ്പം നിലവിലെ റൂട്ടുകളില്‍ സര്‍വിസ് വര്‍ധിപ്പിക്കുകയും ചെയ്യും. 
നിലവില്‍ ആറു റൂട്ടുകളിലാണ് മുവാസലാത്ത് സര്‍വിസ് നടത്തുന്നത്. ഏഴാമത്തെ റൂട്ടില്‍ മാര്‍ച്ചില്‍ സര്‍വിസ് ആരംഭിക്കും. അല്‍ മബേല-അല്‍ മബേല റൂട്ടിലാകും ഏഴാമത്തെ സര്‍വിസ്. റൂവി, അല്‍ഖുവൈര്‍ ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഉപകാരപ്പെടുംവിധം ഈ സര്‍വിസിനെ മറ്റു സര്‍വിസുകളുമായി ബന്ധിപ്പിക്കും.  ഈ ഏഴു സര്‍വിസുകള്‍ക്കും ഒപ്പം പുതുതായി എട്ടു സര്‍വിസുകള്‍കൂടി തുടങ്ങുന്നതോടെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. 
നിലവിലെ സര്‍വിസുകളില്‍ ഈ വര്‍ഷം 50 ലക്ഷം പേരെങ്കിലും യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് അല്‍ ബലൂഷി പറഞ്ഞു. മുവാസലാത്ത് സര്‍വിസ് ആരംഭിച്ചപ്പോള്‍ പ്രതിദിനം ശരാശരി അയ്യായിരം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
 ഇത് നിലവില്‍ 12,000 ആയി ഉയര്‍ന്നിട്ടുണ്ട്. പുതിയ സര്‍വിസുകളും ബസുകളും എത്തുന്നതോടെ ഇത് ഉയരുമെന്നാണ് പ്രതീക്ഷ. പുതിയ ബസുകള്‍ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം 70 ലക്ഷമാകുമെന്നാണ് മുവാസലാത്ത് നിയോഗിച്ച കണ്‍സല്‍ട്ടന്‍റ് അഭിപ്രായപ്പെട്ടതെന്നും സി.ഇ.ഒ പറഞ്ഞു. പുതിയ ബസുകളിലേക്കായി 300 ഡ്രൈവര്‍മാരെ വൈകാതെ റിക്രൂട്ട് ചെയ്യും. നിലവില്‍ 850 ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്. 
ഇവരില്‍ 85 ശതമാനം പേരും സ്വദേശികളാണ്. ദുബൈക്ക് സമാനമായി രണ്ടോ മൂന്നോ എയര്‍ കണ്ടീഷന്‍ഡ് ബസ്സ്റ്റോപ്പുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഇത് മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ യാഥാര്‍ഥ്യമാകും. 
നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും സി.ഇ.ഒ
പറഞ്ഞു. 

Tags:    
News Summary - Muvasalath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.