400 ഡ്രൈവര്‍മാരുമായി കരാര്‍: മുവാസലാത് ടാക്സി പ്രദര്‍ശിപ്പിച്ചു

മസ്കത്ത്: മുവാസലാത് ടാക്സി പ്രദര്‍ശിപ്പിച്ചു. യു.ടി.ഐ.പി മെന സെമിനാറിന്‍െറ ഭാഗമായി നടന്ന ചടങ്ങില്‍ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിം അല്‍ ഫുതൈസിയാണ് ടാക്സി സര്‍വിസിന്‍െറ ബ്രാന്‍റ് ഐഡന്‍റിറ്റി പ്രകാശനം ചെയ്തത്. മുവാസലാത്തിന്‍െറ സാങ്കേതികതയും ബ്രാന്‍റ് ഐഡന്‍റിറ്റിയും ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിനായി 400 ഡ്രൈവര്‍മാരുമായി കരാറില്‍ ഏര്‍പ്പെടുമെന്നും വൈകാതെതന്നെ സര്‍വിസ് ആരംഭിക്കുമെന്നും സി.ഇ.ഒ അഹ്മദ് അല്‍ ബലൂഷി പറഞ്ഞു. വിമാനത്താവളങ്ങളില്‍നിന്നും മാളുകളില്‍നിന്നുമാകും കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുക. 
മുവാസലാത്തുമായി സഹകരിച്ച് സര്‍വിസ് നടത്തുന്നതിന് നിലവിലെ ടാക്സി ഡ്രൈവര്‍മാരുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കുകയും വൈദ്യപരിശോധന നടത്തി പൂര്‍ണമായും ഫിറ്റ് ആണെന്ന് ഉറപ്പാക്കുകയും ചെയ്യും. അഞ്ചുവര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനങ്ങളായിരിക്കും ടാക്സി നിരയില്‍ ഉണ്ടാവുക. യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ ബുക് ചെയ്യുന്നതിന് ആപ്ളിക്കേഷന്‍െറ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം മൂന്നാം പാദത്തോടെ അത് യാഥാര്‍ഥ്യമാകുമെന്നും സി.ഇ.ഒ പറഞ്ഞു. യൂബറിന് സമാനമായി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും ഈ ആപ്ളിക്കേഷനെന്നും സി.ഇ.ഒ 
കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - Muvasalath taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.