മസ്കത്ത്: കഴിഞ്ഞ സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത മത്രയിലെ പുതിയ മത്സ്യ മാർക്കറ്റ് വിനോദ സഞ്ചാരികളുടെ പ്രിയകേന്ദ്രമാകുന്നു. മത്സ്യമാർക്കറ്റ് എന്ന് കേൾക്കുേമ്പാൾ മുഖം ചുളിക്കുന്നവർക്ക് വൃത്തിയിലും ശുചിത്വത്തിലും ഒരുപടി മുന്നിൽനിൽക്കുന്ന മത്ര മത്സ്യ മാർക്കറ്റ് പുതിയ അനുഭവമാണ്. ഏറെ മുൻകാഴ്ചയോടെ നിർമിച്ച ഇവിടെ നിരവധി വിദേശ സഞ്ചാരികളാണ് ദിവസവും എത്തുന്നത്. മത്ര തുറമുഖത്തെത്തുന്ന വിനോദസഞ്ചാര കപ്പലുകളിലെത്തുന്ന സഞ്ചാരികളും ഇവിടെ സന്ദർശിക്കാതെ മടങ്ങാറില്ല. സഞ്ചാരികളുടെ കൗതുകവും ഫോേട്ടാ എടുക്കലും ഇവിടെ സാധാരണ കാഴ്ചയാണ്.
മുൻകാലങ്ങളിൽ വൃത്തിഹീനവും ബഹളമയവുമായിരുന്നു മത്ര മത്സ്യ മാർക്കറ്റ്. 1960 ലാണ് പഴയ മത്സ്യമാർക്കറ്റ് നിർമിച്ചത്. അന്നുമുതൽ കാര്യമായ പരിഷ്കരണങ്ങളൊന്നും നടപ്പാക്കിയിരുന്നില്ല. മത്സ്യമാർക്കറ്റിലെ തിരക്കും സ്ഥലപരിമിതിയും ഉപഭോക്താക്കൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. മത്സ്യങ്ങൾ വഴിയിൽ വെച്ചും മറ്റുമാണ് വിൽപന നടത്തിയിരുന്നത്. ഇൗ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമായാണ് മസ്കത്ത് മുനിസിപ്പാലിറ്റി പുതിയ മാർക്കറ്റ് നിർമിച്ചത്. വിനോദസഞ്ചാര ലക്ഷ്യം കൂടി മുൻനിർത്തി ഏറെ ദൃശ്യ ചാരുതയോടെയാണ് നിർമാണം.
പുതിയ മാർക്കറ്റിലെത്തുന്നവർക്ക് മത്സ്യ മ്യൂസിയത്തിലെത്തിയ അനുഭവമാണുണ്ടാവുക. 1410 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച മാർക്കറ്റിൽ മത്സ്യ വിൽപനക്ക് മാത്രം 120 സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. മീൻ മുറിക്കാൻ 40 കൗണ്ടറുകൾ വേറെയുമുണ്ട്. മീൻ മുറിക്കുന്നതിന് നൽകേണ്ട നിരക്കുകൾ പ്രത്യേകം പ്രദർശിപ്പിച്ചിട്ടുണ്ട്. ഒാരോ വിഭാഗം മത്സ്യങ്ങൾക്കും വെവ്വേറെ നിരക്കുകളാണ് ഇൗടാക്കുന്നത്. അതിനാൽ ഉപഭോക്താക്കൾക്ക് ഒരു പ്രയാസവും നേരിടുകയില്ല.
ഏറെ വൃത്തിയോടെയും ശ്രദ്ധയോടെയുമാണ് മാർക്കറ്റ് കൈകാര്യം ചെയ്യുന്നത്. സേവന സന്നദ്ധരായി ക്ലീനിങ് തൊഴിലാളികൾ സദാ സമയവും മാർക്കറ്റിലുണ്ടാവും. പൊതുജനങ്ങൾ ഉപയോഗിക്കുന്ന വഴിയിലും മറ്റും മത്സ്യ അവശിഷ്ടങ്ങളും മറ്റും വീണാൽ ഉടൻ വൃത്തിയാക്കും. ചവറുകളും മറ്റ് അനാവശ്യവസ്തുക്കളും മാർക്കറ്റിനുള്ളിൽ കാണാനും കഴിയില്ല. മാർക്കറ്റ് വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നഗരസഭാ അധികൃതരുടെ പ്രത്യേക നിരീക്ഷണവും മാർക്കറ്റിലുണ്ടാവും. പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളിൽനിന്ന് മത്സ്യാവശിഷ്ടങ്ങളൊന്നും പുറത്തുപോവില്ല. മാർക്കറ്റിൽ മൊത്തം ശീതീകരണ സൗകര്യം ഉള്ളതിനാൽ ഉപഭോക്താക്കൾ വിയർത്തൊലിക്കേണ്ടിവരുകയുമില്ല. ഒമാെൻറ വിവിധ ദൃശ്യങ്ങൾ കൊണ്ട് അലങ്കൃതമായ മാർക്കറ്റ് ചുമരുകളും ഏറെ സൗന്ദര്യത്തോടെ കാത്തുസൂക്ഷിക്കുന്നുണ്ട്.
വിനോദ സഞ്ചാരികളിൽ പലരും ഗൈഡുകൾക്കൊപ്പമാണ് എത്തുന്നത്. മത്സ്യങ്ങൾ വാങ്ങാനെത്തിയതല്ലെങ്കിലും മത്സ്യവിൽപനക്കാർ ഇത്തരക്കാരോട് ഏറെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഒാരോ കൗണ്ടറിലുമെത്തി ഇവർ കാര്യങ്ങൾ ചോദിച്ചറിയുകയും േഫാേട്ടാ എടുക്കുകയും ചെയ്യാറുണ്ട്. മത്സ്യങ്ങളെ അടുത്തറിയാൻ ഗൈഡുകളും സഹായിക്കാറുണ്ട്. ഗൈഡുകളുടെ സഹായ മില്ലാതെ എത്തുന്നവരും മാർക്കറ്റിൽ ഏറെ നേരം ചുറ്റിക്കറങ്ങിയാണ് മാർക്കറ്റ് വിടുന്നത്. ഏതായാലും ഒമാനിലുള്ളവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണ് മത്രയിലെ പുതിയ മത്സ്യ മാർക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.