വേറിട്ട ഈണങ്ങളുടെ വിസ്മയം തീര്‍ത്ത് സലാലയില്‍ മീഡിയവണ്‍ ‘മൈലാഞ്ചിക്കാറ്റ്’

സലാല: സംഗീതത്തിന്‍െറ വ്യത്യസ്ത ഈണങ്ങള്‍ പെയ്തിറങ്ങിയ മീഡിയവണ്‍ മൈലാഞ്ചിക്കാറ്റ് രാവിന് ഹൃദ്യമായ പരിസമാപ്തി. സലാലയിലെ എല്ലാ സംഗീത ആസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തിയ മൈലാഞ്ചിക്കാറ്റിനെ ഏറ്റുവാങ്ങാന്‍ പ്രതികൂല കാലാവസ്ഥ മറികടന്നും ആയിരങ്ങളാണ് ഇത്തീന്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്. 
സലാലയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ ഒരുക്കുന്ന ആദ്യ സ്റ്റേജ് ഷോ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു മീഡിയവണ്‍  ‘മൈലാഞ്ചിക്കാറ്റി’ന്. പാട്ടിന്‍െറ ലോകത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന അനുഗൃഹീത ഗായിക രഹ്നയായിരുന്നു മൈലാഞ്ചിക്കാറ്റ് ഷോയിലെ പ്രധാന താരം. മാപ്പിളപ്പാട്ടുകള്‍ക്കപ്പുറം സിനിമയും ഗസലും അന്യഭാഷാ ഗാനങ്ങളും കോര്‍ത്തിണക്കിയ ഷോയില്‍ രഹ്നക്കൊപ്പം ‘പതിനാലാം രാവി’ലൂടെ ആസ്വാദകരെ ഹരം കൊള്ളിച്ച യുവഗായികാ സംഘവും ചേര്‍ന്നുനിന്നു. അതോടെ, സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത ഒരു രാവായി അതു മാറി.
വിട വാങ്ങിയ പ്രമുഖ സംഗീത പ്രതിഭകളിലൂടെയും കേരളത്തിന്‍െറ സാംസ്കാരിക മുദ്രകളിലൂടെയുമുള്ള ഹൃദ്യമായ യാത്രകൂടിയായിരുന്നു മൈലാഞ്ചിക്കാറ്റ്. എ.ആര്‍ റഹ്മാനും ഇളയരാജയും ഈണമിട്ട ഗാനങ്ങളും വര്‍ധിതാവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. എം.ജി ശ്രീകുമാര്‍, രമേശ് നാരായണന്‍, എരഞ്ഞോളി മൂസ, വി.ടി. മുരളി തുടങ്ങിയ പ്രമുഖ ഗായകര്‍ വിഡിയോ ഗാനങ്ങളിലൂടെ ഒപ്പം ചേര്‍ന്നതും മറ്റൊരു പ്രത്യേകതയായി. 
കാല്‍നൂറ്റാണ്ടിന്‍െറ സംഗീത സപര്യക്കിടയില്‍ ഏറെ പാടാന്‍ ആഗ്രഹിച്ച പലതരം പാട്ടുകള്‍ ഒരേ വേദിയില്‍ ആലപിക്കാന്‍ കഴിഞ്ഞതിന്‍െറ നിറസംതൃപ്തിയിലായിരുന്നു രഹ്ന. മലയാള സിനിമാമേഖലക്കുപോലും പുതുപ്രതിഭകളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞ മീഡിയവണ്‍ പതിനാലാം രാവിന്‍െറ താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തു. 
ജ്യോതി വെള്ളല്ലൂര്‍ ആയിരുന്നു മൈലാഞ്ചിക്കാറ്റ് അണിയിച്ചൊരുക്കിയത്. ആധുനിക ദൃശ്യ സാങ്കേതികവിദ്യയുടെ അകമ്പടിയും മൈലാഞ്ചിക്കാറ്റിന് മിഴിവേകി. അപ്രതീക്ഷിതമായി എത്തിയ കാറ്റും തണുത്ത കാലാവസ്ഥയുമൊന്നും വകവെക്കാതെ കുഞ്ഞുങ്ങളുമായി നിരവധി കുടുംബങ്ങളാണ് പരിപാടിക്കത്തെിയത്. ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ഏജന്‍റും സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാനുമായ മന്‍പ്രീത് സിങ് ഉദ്ഘാടനം നിര്‍വഹിച്ചു. 
മീഡിയവണ്‍ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, മീഡിയവണ്‍ ഡയറക്ടര്‍ പി.കെ. അബ്ദുല്‍ റസാഖ്, ഗള്‍ഫ് ടെക് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇ.എം. അബ്ദുറാസിഖ്, അബൂതാനൂന്‍ ട്രേഡിങ് എം.ഡി ഒ. അബ്ദുല്‍ഗഫൂര്‍, അല്‍ജദീദ് എക്സ്ചേഞ്ച് ഒമാന്‍ ജി.എം ബി. രാജന്‍, ലാന്‍റക്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി.കെ. അബ്ദുല്‍ റഊഫ്, യൂറോതേം എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. സല്‍മാനുല്‍ ഫാരിസ്, മീഡിയവണ്‍ സലാല കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് സാദിഖ്, പ്രോഗ്രാം കണ്‍വീനര്‍ കെ.എ. സലാഹുദ്ദീന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 
പരിപാടിയുടെ പ്രായോജകര്‍ക്കുള്ള പുരസ്കാരം എം. സാജിദ്, പി.കെ. അബ്ദുല്‍ റസാഖ്, ഷബീര്‍ ബക്കര്‍, എം.സി.എ നാസര്‍, സവാബ് അലി എന്നിവര്‍ വിതരണം ചെയ്തു. ഗള്‍ഫ് ടെക് ആയിരുന്നു മൈലാഞ്ചിക്കാറ്റിന്‍െറ പ്രധാന പ്രായോജകര്‍.

Tags:    
News Summary - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.