മസ്കത്ത്: ഒമാനിലെ വ്യോമഗതാഗത മേഖലയിൽ വളർച്ച രേഖപ്പെടുത്തി.നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർേമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025 നവംബർ അവസാനം വരെയുള്ള കണക്കുകൾ പരിഗണിച്ചാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും സലാല വിമാനത്താവളത്തിലും യാത്രക്കാരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട് പറയുന്നു.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 1.8 ശതമാനം വർധിച്ച് 2025 നവംബർ അവസാനം 1,19,39,458 ആയി. 2024-ലെ ഇതേ കാലയളവിൽ ഇത് 1,17,31,430 ആയിരുന്നു. എന്നാൽ വിമാനങ്ങളുടെ മൊത്തം എണ്ണം 4.1 ശതമാനം കുറഞ്ഞ് 84,296 ആയി. മുൻവർഷം ഇത് 87,911 ആയിരുന്നു.
അന്താരാഷ്ട്ര സർവീസുകൾ 5.2 ശതമാനം കുറഞ്ഞ് 75,460 വിമാനങ്ങളായി. വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 0.7 ശതമാനം വർധിച്ച് 1,07,18,898 ആയി. ആഭ്യന്തര വ്യോമഗതാഗതത്തിൽ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര സർവീസുകൾ 6.7 ശതമാനം ഉയർന്ന് 8,836 ആയി. യാത്രക്കാരുടെ എണ്ണം 12.5 ശതമാനം വർധിച്ച് ഏകദേശം 12,20,560 ആയി.
സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കൂടുതൽ വർധനയുണ്ടായി. 2025 നവംബർ അവസാനം വരെ യാത്രക്കാരുടെ എണ്ണം 10 ശതമാനം ഉയർന്ന് 15,74,296 ആയി. 2024-ലെ അതേ കാലയളവിൽ ഇത് 14,31,756 ആയിരുന്നു. വിമാനങ്ങളുടെ മൊത്തം എണ്ണം 5.9 ശതമാനം വർധിച്ച് 10,237 ആയി.
സലാല വഴി അന്താരാഷ്ട്ര സർവീസുകൾ 2.6 ശതമാനം കുറഞ്ഞ് 4,489 ആയി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 0.7 ശതമാനം ഇടിഞ്ഞ് 6,22,198 ആയി. അതേസമയം ആഭ്യന്തര യാത്രകൾ ശക്തമായ വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര സർവീസുകൾ 13.6 ശതമാനം ഉയർന്ന് 5,748 ആയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 18.3 ശതമാനം വർധിച്ച് 9,52,098 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.