മസ്കത്തിലെ പൈപ്പ് ലൈൻ നിർമാണ സ്ഥലത്തെ ദുരന്തം: മരിച്ച ആറു പേരും ഇന്ത്യക്കാർ

മസ്കത്ത്: കഴിഞ്ഞ ഞായറാഴ്ച പെയ്ത കനത്ത മഴയിൽ മസ്കത്ത് ഗവർണറേറ്റിലെ പൈപ്പ് ലൈൻ പദ്ധതി സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ച ആറു പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മുങ്ങി മരിച്ചവർ ഇന്ത്യക്കാരാണെ ന്ന വിവരം എംബസി ട്വിറ്ററിൽ അറിയിച്ചത്. രണ്ട് കമ്പനികളുടെ കീഴിലുള്ള മൂന്ന് വീതം തൊഴിലാളികളാണ് ദുരന്തത്തിൽ പെട്ടത്.

തമിഴ്നാട് മധുര സ്വദേശി ഷൺമുഖ സുന്ദരം സെന്തിൽകുമാർ (43), ആന്ധ്രാപ്രദേശിലെ എലൂരു സ്വദേശി സത്യനാരായണ രാജു(22), പുരുഷോത്തപ്പള്ളി സ്വദേശി ഭീമ രാജു (30), ബീഹാറിലെ പാറ്റ്നയിൽ നിന്നുള്ള സുനിൽ ഭാരതി (29), വിശ്വ കർമ മഞ്ജി (29), ഉത്തർപ്രദേശിലെ കുശി നഗർ സ്വദേശി വികാഷ് ചൗഹാൻ മുഖദേവ് (27) എന്നിവരാണ് മരിച്ചത്.

ഒമാനി അധികൃതരുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായും മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. മരണപ്പെട്ടവരുടെ സീബ് വിലായത്തിലായുള്ള എയർപോർട്സ് ഹൈറ്റ്സ് മേഖലയിൽ സുപ്രധാന വാട്ടർപൈപ്പ് ലൈൻ എക്സ്റ്റങ്ഷൻ പദ്ധതിയുടെ നിർമാണ സ്ഥലത്താണ് അത്യാഹിതം നടന്നത്. തറനിരപ്പിൽ നിന്ന് 14 അടി ആഴത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്.

മഴ കനത്തതോടെ ഇരച്ചെത്തിയ മഴവെള്ളവും ചെളിയും ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിറയുകയായിരുന്നു. രാത്രി തന്നെ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചത്.

ശക്തിയേറിയ പമ്പ്സെറ്റുകൾ ഉപയോഗിച്ച് നിറഞ്ഞു കിടന്ന വെള്ളവും ചെളിയും അടിച്ചു കളഞ്ഞ ശേഷമാണ് 295 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈനിൽ കുടുങ്ങികിടന്ന മൃതദേഹങ്ങൾ പുറത്തെടുത്തത്.


Tags:    
News Summary - Muscat Pipeline Tragedy Oman Indians Dead -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.