മസ്കത്ത്: ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിന് മുന്നോടിയായി നടക്കുന്ന മസ്കത്ത് ക്ലാസിക് വെള്ളിയാഴ്ച നടക്കും. 171 കിലോമീറ്റർ ദൂരമുള്ള മസ്കത്ത് ക്ലാസിക്ക് വെള്ളിയാഴ്ച അൽ മൗജിൽനിന്നാണ് തുടങ്ങുക. സീബിലെ വാട്ടർഫ്രണ്ട് റോഡ്, അമീറാത്തിലെ പർവത റോഡ്, ദർസൈത്ത്, വാദി കബീർ, യിതി, ഖന്താബ് എന്നിവയുൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകും.
തുടർന്ന് അൽ ബുസ്താൻ റൗണ്ട് എബൗട്ടിൽ നിന്ന് സിദാബിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് സ്റ്റേറ്റ് കൗൺസിലിന് മുന്നിൽ സമാപിക്കും. ഏഷ്യയിലെ ഒരു ഫസ്റ്റ് ക്ലാസ് ഏകദിന മത്സരമായാണ് ഇതിനെ കണക്കാക്കുന്നത്. വിജയിക്ക് ലോക റാങ്കിങ്ങിൽ 125 പോയന്റുകൾ ലഭിക്കും.
ടൂർ ഓഫ് ഒമാന്റെ ആദ്യഘട്ടം ശനിയാഴ്ച ബൗഷർ വിലായത്തിലെ മസ്കത്ത് കോളജിൽനിന്ന് ആരംഭിച്ച് ഖുറിയാത്ത് വിലായത്തിൽ അവസാനിക്കും. 170 കിലോമീറ്റർ ദൈർഘ്യമാണ് ഈ ഘട്ടത്തിലുണ്ടാകുക.
203 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടം ഞായറാഴ്ച തെക്കൻ ബത്തിന ഗവർണറേറ്റിലെ റുസ്താഖ് ഫോർട്ടിൽനിന്ന് ആരംഭിച്ച് മസ്കത്ത് ഗവർണറേറ്റിലെ യിതി ഹൈറ്റ്സിൽ സമാപിക്കും. അതേസമയം, മസ്കത്ത് ക്ലാസിക് ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ ഭാഗമായി മസ്കത്തിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച ഭാഗിക ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ റേസ് റൂട്ടിനോട് ചേർന്നുള്ള റോഡുകളുടെ ഇരുവശത്തും പാർക്കിങ്ങും നിരോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.