മസ്കത്ത്: ഇറാനും അമേരിക്കയും തമ്മിലെ നിർണായക ആണവ ചർച്ച വെള്ളിയാഴ്ച ഒമാനിലെ മസ്കത്തിൽ നടക്കും. ഇറാനെതിരായ യു.എസിന്റെ ആക്രമണ ഭീഷണി മേഖലയിൽ യുദ്ധഭീതി പടർത്തിയ സാഹചര്യത്തിൽ ചർച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ആദ്യം തുർക്കിയയിലെ ഇസ്തംബൂളിൽ നടത്താനിരുന്ന ചർച്ചയാണ് ഇറാന്റെ ആവശ്യപ്രകാരം ഒമാനിലേക്ക് മാറ്റിയത്.
പ്രാദേശിക സമയം രാവിലെ 10 ന് മസ്കത്തിൽ ചർച്ചകൾ ആരംഭിക്കും. ഖത്തർ, തുർക്കിയ, ഈജിപ്ത് എന്നീ രാജ്യങ്ങളടെ മധ്യസ്ഥതയിൽ ചർച്ചക്കായി തയാറാക്കിയ രൂപരേഖ ഇതിനകം ഇരു രാജ്യങ്ങൾക്കും കൈമാറി. ഇറാന്റെ ആണവ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചുമാണ് പ്രധാനമായും ചർച്ച കേന്ദ്രീകരിക്കുക. പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾക്കും ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായാണ് വിവരം. ഇറാനുമായുള്ള നിർണായക ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കൻ ഉദ്യോഗസ്ഥർ ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. ചർച്ചക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും മധ്യേഷ്യയിലെ ചർച്ചകളിലെ മുഖ്യകണ്ണിയുമായ ജാരത് കുഷ്നർ, ട്രംപിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റോക്കോഫ് എന്നിവർ വ്യാഴാഴ്ച വൈകീട്ട് ദോഹയിലെത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്കും ഇറാൻ-ഇസ്രായേൽ സംഘർഷങ്ങൾക്കും ഇടയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നത്. ഒമാനിൽ നടക്കുന്ന ചർച്ചകൾ പശ്ചിമേഷ്യയിലെ രാഷ്ട്രീയ -സുരക്ഷാ സാഹചര്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
ചർച്ചയുടെ വിഷയങ്ങളെക്കുറിച്ച് ഇറാനും അമേരിക്കയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ആണവോർജ പദ്ധതികൾ ചർച്ച ചെയ്താൽ മതിയെന്നാണ് ഇറാൻ നിലപാട്. എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലയിലെ ഇടപെടലുകളും കൂടി ചർച്ച ചെയ്യണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യമുന്നയിച്ചത്. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ ഒരു ആണവ കേന്ദ്രം കുടി തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായും വേണ്ടിവന്നാൽ ഇവിടെയും ബോംബിടുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇസ്രായേലിനെതിരായ ആക്രമണത്തിന് പിന്നലെ ഇറാന്റെ ആണവകേന്ദ്രം ലക്ഷ്യമിട്ട് അമേരിക്ക കഴിഞ്ഞ വർഷം ആക്രമണം നടത്തിയിരുന്നു.
അമേരിക്ക- ഇറാൻ ആണവ വിഷയവുമായി ബന്ധപ്പെട്ട നാലാംഘട്ട ചർച്ച കഴിഞ്ഞ വർഷം മേയിൽ ഒമാന്റെ മധ്യസ്ഥതയിൽ മസ്കത്തിൽ നടന്നിരുന്നു. ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജ ആവശ്യങ്ങൾക്കായി ഇറാന് യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് അന്ന് ചർച്ച നടന്നിരുന്നത്. എന്നാൽ, പിന്നീട് ഇറാൻ- ഇസ്രയേൽ സംഘർഷം മൂർച്ഛിക്കുകയും ഇറാനലെ ആഭ്യന്തര സംഘർഷത്തിലേക്ക് അമേരിക്ക ഇപെടനൊരുങ്ങുകയും ചെയ്തത് മേഖലയിലെ രാഷ്ടീയ സാഹചര്യം വഷളാക്കിയിരുന്നു.
ഇറാനും അമേരിക്കയും സമാധാനപരമായ ഒത്തുതീർപ്പിലെത്തുന്നത് അനിവാര്യമാണെന്നും മേഖലയിൽ ശക്തമായ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
‘സമാധാനപരമായ ആണവോർജ ഉപയോഗത്തിനുള്ള ഇറാന്റെ നിയമപരമായ അവകാശത്തെ പിന്തുണക്കുന്നതായി ചൈന നിലപാട് അറിയിച്ചു. ബലപ്രയോഗ ഭീഷണിയെയും ഉപരോധ സമ്മർദ്ദങ്ങളെയും ചൈന എതിർക്കുന്നുവെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി. മസ്കത്തിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾ ഫലം കണ്ടല്ലെങ്കിൽ മേഖലയിൽ രാഷ്ട്രീയ -സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അതേസമയം, ഇരു രാജ്യങ്ങളും ചർച്ചക്ക് തയാറതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞു. ഒരു ബാരലിന് ഒരു ഡോളറാണ് കഴിഞ്ഞദിവസം കുറഞ്ഞത്. ചർച്ച സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നതോടെ ബുധനാഴ്ച അസംസ്കൃത എണ്ണ വില മൂന്നുശതമാനത്തോളം വർധിച്ചിരുന്നു. ഒമാനലെ ചർച്ച സംബന്ധിച്ച് സ്ഥിരീകരണമായതോടെ എണ്ണ വില കുറയുകയും ചെയ്തു.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ നാലാത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദന രാജ്യമാണ് ഇറാൻ. ലോകത്തെ മൊത്തം എണ്ണയുടെ അഞ്ചിലൊന്നും ഒമാനും ഇറാനും ഇടയിലെ ഹൂർമൂസ് കടലിടുക്ക് വഴിയും ഇറാൻ വഴിയുമാണ് കയറ്റുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.