മസ്കത്ത്: ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ഒമാൻ കാൻസർ അസോസിയേഷൻ (ഒ.സി.എ) പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കാൻസർ അപകടസാധ്യതകളെക്കുറിച്ചുള്ള സാമൂഹിക ബോധവത്കരണം ശക്തിപ്പെടുത്തുക, മുൻകരുതലിന്റെയും നേരത്തേ രോഗനിർണയത്തിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുക, രോഗികളും അവരുടെ കുടുംബങ്ങളും മാനസിക -സാമൂഹിക പിന്തുണ ലഭ്യമാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ സെഷനുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
കാൻസർ പ്രതിരോധം, ചികിത്സാരംഗത്തെ പുതിയ പുരോഗതികൾ, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ രോഗസാധ്യത കുറയ്ക്കുന്നതിന്റെ ആവശ്യകത എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്. ആരോഗ്യവിദഗ്ധരും സന്നദ്ധ പ്രവർത്തകരും പരിപാടികളിൽ പങ്കെടുത്തു. ലോക കാൻസർ ദിനാചരണം സമൂഹത്തിൽ കാൻസറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും ഏറെ പ്രാധാന്യമുള്ള അവസരമാണെന്ന് ഒമാൻ കാൻസർ അസോസിയേഷൻ ചെയർമാൻ ഡോ. വാഹിദ് അലി അൽ ഖറൂസി പറഞ്ഞു.
കാൻസർ ബാധിച്ച കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പരിചരണം നൽകുന്ന പ്രമുഖ മാനവിക സംരംഭമായ ദാർ അൽ ഹനാൻ സ്ഥാപിതമായതിന്റെ 15-ാം വാർഷികത്തോടൊപ്പമാണ് ഈ വർഷത്തെ കാൻസർ ദിനാചരണം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താമസം, ചികിത്സ, ഗതാഗതം, കുടുംബപരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനങ്ങൾ തുടർച്ചയായി ഉറപ്പാക്കാൻ സമൂഹത്തിന്റെ ശക്തമായ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാൻസർ ബാധിച്ച കുട്ടികളുടെ മുഖങ്ങളിൽ വീണ്ടും പുഞ്ചിരി വിരിയിക്കാൻ സമൂഹം കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.