മസ്കത്തിലെ ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
മസ്കത്തിലെ ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇന്ത്യൻ പ്രവാസികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വിദ്യാർഥികളും പ്രവാസികളുമടങ്ങുന്ന സമൂഹവുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. മസ്കത്തിലെ ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ രാവിലെ നടന്ന കൂടിക്കാഴ്ചക്കായി രണ്ടായിരത്തിലേറെപേർ പങ്കെടുത്തു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളും ഒമാനിലെ 20ലധികം ഇന്ത്യൻ സ്കൂളുകളെ പ്രതിനിധീകരിക്കുന്ന വിദ്യാർഥികളുമടങ്ങുന്നതായിരുന്നു സദസ്സ്. പ്രധാനമന്ത്രിയെ ആരവത്തോടെയാണ് സദസ്സ് വവേറ്റത്.
ഇവിടെ ഇഷ്ടംപോലെ മലയാളികളുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്ന് പറഞ്ഞായിരുന്നു ഹിന്ദിയിൽ മോദി പ്രസംഗം ആരംഭിച്ചത്. തുടർന്ന് ‘സുഖമാണോ?’ എന്ന് മലയാളത്തിൽ സദസ്സിനോട് ആരാഞ്ഞതോടെ സദസ്സിൽനിന്ന് ആരവവും നിറഞ്ഞ കൈയടിയും. മലയാളികൾ മാത്രമല്ല തമിഴരും തെലുങ്കരും കന്നഡിഗരും നിരവധി ഗുജറാത്തികളുമടക്കം ഇവിടെയുണ്ട്. മിനി ഇന്ത്യയെയാണ് ഞാൻ ഇവിടെ കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ-ഒമാൻ സൗഹൃദം ആഘോഷിക്കുന്ന ‘മൈത്രി ഫെസ്റ്റിവൽ’ എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് മോദി പറഞ്ഞു. ‘മൈത്രി’ എന്നത് സൗഹൃദമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിന്റെ അർഥം വിശദീകരിച്ചു. M- Maritime Heritage (സമുദ്ര പൈതൃകം), A- Aspiration (ആഗ്രഹം), I- Innovation (നവീകരണം), T- Trust and Technology (വിശ്വാസവും സാങ്കേതികവിദ്യയും), R- Respect (പരസ്പര ബഹുമാനം), I- Inclusive Growth (സമവായ വളർച്ച) എന്നിവയെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-ഒമാൻ ബന്ധം ചരിത്രത്തിന്റെയും സംയുക്ത ഭാവിയുടെയും ആഘോഷമാണെന്ന് മോദി പറഞ്ഞു. നൂറ്റാണ്ടുകളായി ഇരുരാജ്യങ്ങളും അടുപ്പമുള്ളതും സജീവവുമായ ബന്ധം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ മൺസൂൺ കാറ്റുകൾ തന്നെ ഈ വ്യാപാരബന്ധങ്ങൾക്ക് അടിത്തറയായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ഒമാനിൽ 6.75 ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികളുണ്ടെന്നും അവർ ഒമാനെ രണ്ടാമത്തെ വീടായി കണ്ട് രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
മരക്കപ്പലുകളിൽ ഇന്ത്യയിലെ തുറമുഖങ്ങളിൽ നിന്ന് മസ്കത്ത്, സൂർ, സലാല എന്നിവിടങ്ങളിലേക്ക് പൂർവികർ യാത്ര ചെയ്തിരുന്ന ചരിത്രവും മോദി അനുസ്മരിച്ചു. ‘നോ ഇന്ത്യ ക്വിസ്’ മത്സരത്തിൽ ഒമാനിൽ നിന്ന് പതിനായിരത്തിലധികം പേർ പങ്കെടുത്തതായും ആഗോളതലത്തിൽ ഒമാൻ നാലാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു. ഒമാനിൽ ഏകദേശം 6,000 വിദ്യാർഥികൾ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. ഒമാനിലെ ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ 50 വർഷം ആഘോഷിക്കപ്പെടുകയാണ്. ഇന്ത്യൻ സ്കൂളുകളുടെ ഈ വിജയത്തിന് മുൻ സുൽത്താൻ ഖാബൂസിന്റെ സംഭാവന നിർണായകമായിരുന്നു.
ഇന്ത്യൻ സ്കൂൾ മസ്കത്ത് ഉൾപ്പെടെ നിരവധി സ്കൂളുകൾക്ക് ഭൂമിദാനം ചെയ്ത് ആവശ്യമായ പിന്തുണ അദ്ദേഹം നൽകിയതായും മോദി അനുസ്മരിച്ചു.
നിലവിലെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സംരക്ഷണത്തിനും പിന്തുണക്കും പ്രധാനമന്ത്രി പ്രത്യേക നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.