മസ്കത്ത്: മജ്ലിസ് ശൂറയുടെ പത്താം ടേമിലേക്കുള്ള ചെയർമാനെയും രണ്ടു ഡെപ്യൂട്ടി ചെയർമാൻമാരെയും തിരഞ്ഞെടുക്കുന്നതിനായി വ്യാഴാഴ്ച അസാധാരണ യോഗം ചേരും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് യോഗം. കൗൺസിലിലെ മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രഹസ്യ വോട്ടെടുപ്പിലൂടെ ചെയർമാനെയും രണ്ട് ഡെപ്യൂട്ടിമാരെയും തിരഞ്ഞെടുക്കും.
തുടർന്ന് മജ്ലിസ് ശൂറ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉദാരമായ പിന്തുണയോടും ശ്രദ്ധയോടും കൂടി മജ്ലിസ് ശൂറ പത്താം തവണയും ദേശീയ ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്ന് മജ്ലിസ് ശൂറയുടെ സെക്രട്ടറി ജനറൽ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് അൽ നദാബി പറഞ്ഞു. ശൂറ കൗൺസിലിന്റെ പത്താം ടേം തെരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
അന്ന് തന്നെയായിരുന്നു വോട്ടെടുപ്പും. രാജ്യത്തിന് പുറത്തുള്ളവർ ഒക്ടോബർ 22ന് ആയിരുന്നു വോട്ട് ചെയ്തത്. ഇൻതിഖാബ് ആപ്ലിക്കേഷനിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ 65.88 ശതമാനമായിരുന്നു പോളിങ്. 2019ലെ തെരഞ്ഞെടുപ്പുമായി (49 ശതമാനം പോളിങ്) താരതമ്യം ചെയ്യുമ്പോൾ വൻ കുതിച്ചുചാട്ടമാണ് ഇത്തവണ വോട്ടിങ്ങിലുണ്ടായത്. ശൂറ കൗൺസിൽ തെരഞ്ഞെടുപ്പിന് ആദ്യമായാണ് ഇലക്ട്രോണിക് വോട്ടിങ് രീതി നടപ്പാക്കിയത്.
ശൂറ കൗൺസിലിലേക്ക് വിജയിച്ചവരിൽ 64 ശതമാനവും പുതുമുഖങ്ങളാണ്. ചില ഗവർണറേറ്റുകളിൽ 98 ശതമാനം വരെ വോട്ടിങ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, വോട്ടിങ് പ്രക്രിയയിൽ സ്ത്രീകൾ സജീവമായി പങ്കാളികളായിട്ടും ഒരു വനിതയും ഇത്തവണ ശൂറ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 90 സീറ്റുകളിലേക്ക് 32 സ്ത്രീകളുൾപ്പെടെ 843 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.