കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; ആശംസയുമായി ഗൾഫ് സംഘടനകൾ

അഴിമതിക്കും അഹങ്കാര രാഷ്ട്രീയത്തിനും നൽകിയ ശക്തമായ തിരിച്ചടി- ഇൻകാസ്

കേരളത്തിലെ ജനങ്ങൾ എൽ.ഡി.എഫ് സർക്കാറിന്റെ ഭരണ പരാജയത്തിനും അഴിമതിക്കും അഹങ്കാര രാഷ്ട്രീയത്തിനും നൽകിയ ശക്തമായ തിരിച്ചടിയാണ് യു.ഡി.എഫ് നേടിയ ഈ വിജയമെന്ന് ഇൻകാസ് ഒമാൻ അഡ്ഹോക് കമ്മിറ്റി കൺവീനർ അനീഷ് കടവിൽ പറഞ്ഞു. . ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ അവഗണിച്ച് മുന്നോട്ടുപോയ ഭരണകൂടത്തിനെതിരെ ജനങ്ങൾ നടത്തിയ വ്യക്തമായ വിധിയെഴുത്താണിതെന്നും അദ്ദേഹം പറഞ്ഞു.

 

അനീഷ് കടവില്‍, മണികണ്ഠന്‍

മതേതരത്വ-ജനാധിപത്യ മൂല്യങ്ങളുടെ വിജയമാണിതെന്നും 2021-ൽ കേരളത്തിലെ ജനങ്ങൾ ചെയ്ത തെറ്റിന് ശക്തമായ പ്രായശ്ചിത്തമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ മലയാളികൾ ചെയ്തിരിക്കുന്നശതന്നും അഡ്ഹോക് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ അഭിപ്രായപ്പെട്ടു. മലയാളികളുടെ മനസ്സിൽ സൂക്ഷിക്കുന്ന മതേതരത്വവും ജനാധിപത്യ വിശ്വാസങ്ങളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ വിജയമാണ് യു.ഡി.എഫിന് ലഭിച്ചത്.  

വികസന പ്രതീക്ഷകൾക്കുള്ള ജനവിധി- മസ്കത്ത് കെ.എം.സി.സി

ഐക്യ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ച നയങ്ങൾക്കുള്ള അംഗീകാരവും ഒപ്പം ഇടതുപക്ഷ സർക്കാറിന്റെ ജന ദ്രോഹ നയങ്ങൾക്കും മത ധ്രുവീകരണ സമീപനങ്ങൾക്കുമെതിരായ ശക്തമായ ജനവിധിയാണ് കേരള നിയമ സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് റയീസ് പ്രസ്താവനയിൽ പറഞ്ഞു. ഇടത് കോട്ടകളിൽ പോലും സി.പി.എമ്മിനുണ്ടായ കനത്ത തിരിച്ചടി ഇതാണ് സൂചിപ്പിക്കുന്നതെന്നും ജനറൽ സെക്രട്ടറി റഹീം വറ്റലൂർ പറഞ്ഞു.

 

കേരളത്തിന്റെ മതേതര മനസ്സ് ഒന്നിച്ച് ഒന്നിച്ചതിന്റെ പ്രതിഫലനമാണ് നിയമ സഭ തിരഞ്ഞെടുപ്പ് ഫലമെന്ന് ട്രഷറർ ഷമീർ പിടികെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ വർഗ്ഗീയ പ്രചാരകർക്ക് പരവതാനി വിരിച്ചവർക്ക് മതേതര കേരളം നൽകിയ മുന്നറിയിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെൽഫെയർ രാഷ്ട്രീയ മുദ്രാവാക്യം ശരി വെക്കുന്ന ജയം- പ്രവാസി വെൽഫെയർ

വെൽഫെയർ പാർട്ടി ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യം നൂറു ശതമാനവും ശരി വെക്കുന്നതാണ് നിയമ സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് സി. നൗഷാദ് അഭിപ്രായപ്പെട്ടു. സി നൗഷാദ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സോഷ്യൽ ഫാബ്രിക്കിന് പരിക്കേൽപ്പിച്ചും ഭരണം നിലനിർത്താൻ ഏതറ്റം വരെയും പോകാനും മടിയില്ലെന്ന ഭരണകൂട ധാർഷ്ട്യത്തിനുള്ള തിരിച്ചടി കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

സി. നൗഷാദ്

‘വിഭജന രാഷ്ട്രീയത്തിനെതിരായ ജനവികാരം’

മതസൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും നാടായ കേരളത്തെ വർഗീയമായി വിഭജിച്ച് ഭരണത്തിൽ കടിച്ചു തൂങ്ങാമെന്ന് വിചാരിച്ച പിണറായിസത്തെ കെട്ടുകെട്ടിച്ച കേരളത്തിലെ മതേതര മനസ്സാക്ഷിയുടെ വിജയമാണ് യു.ഡി.എഫിൻ്റെ വിജയമെന്ന് പ്രവാസി വെൽഫെയർ സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ആർ.എസ്.എസ്- സിപിഎം ഡീലിനുമെതിരെ വെൽഫെയർ പാർട്ടിയുടെ ആശയ പ്രചാരണം ഈ വിജയത്തിൽ വലിയൊരു കാരണമായി തീർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അബ്ദുല്ല മുഹമ്മദ്

 ‘ഏകാധിപത്യത്തിന് ജനങ്ങൾ നൽകിയ മറുപടി’

ഏകാധിപതിയായ ഒരു ഭരണാധികാരിയുടെ ധിക്കാരമായ പെരുമാറ്റത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് സലാല കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റ പറഞ്ഞു. സി.പി.എം എന്ന പാർട്ടിയുടെ തിരിച്ചുവരവിന് ഈ പരാജയം ആവശ്യമാണെന്ന് മനസ്സിലാക്കി നിഷ്കളങ്കരായ സി.പി.എം വോട്ടർമാർ യു.ഡി.എഫിനോടൊപ്പം ചേർന്നുനിന്നു.

 

ജനാധിപത്യ മൂല്യങ്ങളിലും വികസനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ വിജയത്തിലൂടെ പ്രതിഫലിക്കുന്നത്. രാപ്പകൽ കഷ്ടപ്പെട്ട പ്രവർത്തകരുടെയും, യുഡിഎഫിനെ നെഞ്ചിലേറ്റിയ ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്. നാടിന്റെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടി പുതിയ ജനപ്രതിനിധികൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Tags:    
News Summary - Kerala Assembly Election Results; Gulf Organizations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.