സയ്യിദ്‌ അസീം

നാല് പതിറ്റാണ്ട്‌ കാലത്തെ പ്രവാസത്തിന് താൽക്കാലിക വിരാമം; സയ്യിദ്‌ അസീം യാത്രയാവുന്നു

സലാല: ജീവിതത്തിന്റെ വലിയൊരു ഭാഗം സലാലയിൽ ജീവിച്ച്‌ തീർത്ത തലശ്ശേരി സ്വദേശി സയ്യിദ്‌ അസീം മറക്കാനാവാത്ത ഓമ്മകളുമായി പ്രവാസത്തിന് അർധവിരാമം കുറിക്കുന്നു. 1984 ൽ മുബൈ വഴിയാണ് അസീം സലാലയിൽ എത്തുന്നത്‌. ആദ്യകാലം പ്രമുഖ കനേഡിയൻ കമ്പനിയിൽ സെക്രട്ടറിയായിരുന്നു. അതിന് ശേഷം നീണ്ട ഇരുപത്‌ വർഷം ഇൻഫർമേഷൻ മന്ത്രാലയത്തിൽ സെൻസറിംഗ്‌ ഓഫീസറായിട്ടായിരുന്നു ജോലി. മലയാളം ഉൾപ്പടെയുള്ള ഇന്ത്യൻ പത്രങ്ങൾ, വിദേശ ഭാഷ പത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ ,പാഠ പുസ്തകങ്ങൾ മറ്റു പ്രസിദ്ധീകരണങ്ങളും വായിച്ച്‌ ഒമാനുമായി ബന്ധപ്പെട്ട വാർത്തകൾ മേൽ ഉദ്യോഗസ്ഥന് കൈമാറലായിരുന്നു ജോലി.

മാധ്യമം ദിനപത്രത്തിന്റെ തുടക്കത്തിൽ മസ്‌കത്തിൽ ഇൻഫർമേഷൻ ഓഫീസിലെ ഒരു മലയാളി ഉദ്യോഗസ്ഥൻ മാധ്യമം വിതരണത്തിന് തടസ്സം നിന്നെങ്കിലും അസീമിന്റെ ഇടപെടലിലൂടെ മന്ത്രാലയത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും അനുമതി നേടാനും കഴിഞ്ഞത്‌ വളരെ ചാരിതാർത്ഥ്യത്തോടെ അസീം ഇന്നും ഓർക്കുന്നു.

ആ കാലത്തെ ഒരു പത്ര വാർത്തയും സർക്കാർ നടപടിയും അസീം ഓർത്തെടുത്തു. സലാലയിലെ ഒരു സ്വകാര്യ കമ്പനി തൊഴിലാളികൾക്ക്‌ ആറ് മാസത്തെ ശമ്പളവും ആനുകൂല്യവും നൽകാതെ സ്വാധീനമുപയോഗിച്ച്‌ മുബൈയിലേക്ക്‌ കയറ്റി വിട്ടു. ഇവർ നാട്ടിലെത്തി ഇന്ത്യൻ എക്സ്‌പ്രസ്‌ റിപ്പോർട്ടറെ കണ്ട്‌ അവസ്ഥ വിവരിക്കുകയും പിറ്റേ ദിവസം വിശദമായ ഒരു സ്റ്റോറി പത്രത്തിൽ വരികയും ചെയ്‌തു. ഒമാനുമായി ബന്ധപ്പെട്ട വാർത്തായായതിനാൽ ട്രാൻസ്‌ലേറ്റ്‌ ചെയ്ത്‌ മേൽ ഉദ്യോഗസ്ഥന് നൽകി. അദ്ദേഹം അത്‌ ഹെഡ്‌ ഓഫീസിലേക്ക്‌ അയക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ ബന്ധപ്പെട്ട മന്ത്രാലയം കമ്പനിയെ വിളിച്ച്‌ വരുത്തി നടപടി എടുത്തതും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ എംബസി വഴി നാട്ടിലെത്തിച്ചെതും ഇന്നലെ കഴിഞ്ഞത്‌ പോലെ ഓർക്കുന്നതായി അസീം പറഞ്ഞു. വിശാലമായ സൗഹ്യദത്തിനുടമയായ അസീം ചിട്ടയായ ജീവിതത്തിലൂടെ ആരോഗ്യ സംരക്ഷിക്കുന്ന പ്രവാസികൾക്ക്‌ മാത്രകയാണ്. മനാബ അൽ അത്ത എന്ന പ്രോപർട്ടി വാല്യുവേഷൻ കമ്പനിയുടെ ബ്രാഞ്ച്‌ മാനേജർ പോസ്റ്റിൽ നിന്നാണ് അസീം ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്‌.

ഭാര്യ ഷബാന ,മകൻ അർഷദ്‌ ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു. കൂാടാതെ മീഡിയ വൺ സലാല ക്യാമറമാനുമാണ് . മറ്റൊരു മകൻ സയ്യിദ്‌ നവീദ്‌ സലാലയിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. അസീമിനെ കമ്പനി വിസ പുതുക്കിയാണ് അയക്കുന്നത്‌. താത്‌പര്യമുള്ളപ്പോൾ താൻ ഏറെ ഇഷ്‌ടപ്പെടുന്ന സലാല മണ്ണിലേക്ക്‌ തിരികെ വരാൻ വേണ്ടി കൂടിയാണത്‌. മെയ്‌ ആറിന് അസീം നാട്ടിലേക്ക്‌ തിരിക്കും.

Tags:    
News Summary - Temporary end to four decades of exile; Syed Aseem sets out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.