രാഷ്ട്രീയത്തിരയോളത്തിൽ മത്ര

മത്ര: മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന മത്ര ‌സൂഖ് ദിവസങ്ങളായി രാഷ്ട്രീയ ചര്‍ച്ചകളാല്‍ മുഖരിതമാണ്. കേരളത്തിലെ വിവിധ ജില്ലകളിലുള്ളവരും വ്യത്യസ്ത പാര്‍ട്ടി അനുഭാവികളുമൊക്കെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ സൂഖ് കേരളത്തിന്‍റെ ഒരു മിനിയേച്ചര്‍ പതിപ്പ് തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടലും കിഴിക്കലുമായിരുന്നു. ഫല പ്രഖ്യാപന ദിവസം പതിവിലും നേരെത്തെ ഉണര്‍ന്ന് കുളിച്ചൊരുങ്ങി ടിവിക്ക് മുന്നിലിരുന്നും മൊബൈലില്‍ വാർത്തകളുടെ അപ്ഡേഷന്‍ കണ്ടും പ്രവാസികൾ ഫലത്തിൽ മുഴുകുകയായിരുന്നു.

ഞങ്ങൾ പത്ത് വര്‍ഷക്കാലം സാമാന്യം നല്ല ഭരണം കാഴ്ചവെച്ച് തന്നെയാണ് മൂന്നാമൂഴത്തിനായി ശ്രമിച്ചതെന്നും ജനങ്ങള്‍ മാറി നില്‍ക്കാന്‍ പറഞ്ഞത് അംഗീകരിച്ച് ഇനി ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും തോല്‍വിയിലെ നിരാശ മറച്ചുപിടിക്കാതെ മത്രയിലെ ടെയ് ലറായ തൃശൂർ സ്വദേശി രഘു പറഞ്ഞു. 80സീറ്റാണ് പ്രതീക്ഷിച്ചതെന്നും ഇത് യു.ഡി.എഫിന്‍റെ മാസ് എൻട്രിയാണെന്നും ആഹ്ലാദത്തോടെ ഫലം പങ്കുവെക്കുകയാണ് ബലദിയ പാര്‍ക്കിലെ ഫൈസലും ഷെഫീഖുമെല്ലാം. സി.പി.എമ്മിന്‍റെ പ്രത്യേകിച്ച് പിണറായിയുടെ ധാർഷ്ട്യമാണ് പരാജയം കനപ്പിച്ചതെന്നാണ് കണ്ണൂര്‍ സിറ്റി സ്വദേശിയായ ശുക്കൂറിന് പറയാനുള്ളത്‌. കടുത്ത എൽ.ഡി.എഫ് അനുഭാവിയായിരുന്ന ശുക്കൂര്‍ അടുത്തിടെയാണ് എൽ.ഡി.എഫ് ക്യാമ്പ് വിട്ട് യു.ഡി.എഫിന്‍റെ ഭാഗമായത്.

ഈ വിജയം പ്രതീക്ഷിച്ചതാണെന്നും പ്രതിപക്ഷ നേതാവായിക്കൊണ്ട് യു.ഡി.എഫിനെ ചലിപ്പിച്ച് വിജയത്തിലേക്ക് നയിച്ചതിന് പിന്നില്‍ വി.ഡി സതീഷന്റെ പങ്ക് ഈയവസരത്തില്‍ പ്രത്യേകം എടുത്ത് പറയുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാനവാസ് കറുകപുത്തൂർ അടിവരയിടുന്നു. ഭരണത്തിന്‍റെ കുഴപ്പങ്ങള്‍ കൊണ്ടല്ല തോറ്റതെന്നും ന്യൂനപക്ഷങ്ങളെ അനാവശ്യമായി തെറിപറയുക എന്നത് ഒരു വിനോദം പോലെ കൊണ്ട് നടന്ന ചില നേതാക്കളെ കൊണ്ട് തോറ്റുപോയതാണെന്നും മുഖ്യമന്ത്രിയുടെ മണ്ഡലക്കാരനായ ഹിദാശ് പറഞ്ഞു. ഇനി കുറച്ച് കാലം പ്രതിപക്ഷത്ത് ഇരുന്ന് ഞങ്ങള്‍ ശക്തമായി തിരികെ വരുമെന്നും ഹിദാശ് പ്രതീക്ഷ പങ്കുവെക്കുന്നു. 

Tags:    
News Summary - assembly election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.