മത്ര: പ്രവാസ ലോകത്തുള്ള മനുഷ്യസ്നേഹികളുടെ അകമഴിഞ്ഞ സഹായഹസ്തവും വര്‍ധിച്ച പിന്തുണയും കൊണ്ടാണ് ഏറ്റെടുത്ത കാരുണ്യ പ്രവർത്തനങ്ങളെല്ലാം ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതെന്ന് ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ. വിവിധ തരങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പലരെയും സമൂഹമാധ്യമങ്ങളിലൂടെ പരിചിതരായ മനുഷ്യസ്നേഹികളുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചതായി മസ്കത്തിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ ഫിറോസ് പറഞ്ഞു. ഭക്ഷണത്തിനോ മരുന്നിനോ വകയില്ലാതെ റോഡരികുകളിലും മറ്റും ദുരിത ജീവിതം നയിക്കുന്ന നിരാലംബർക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കിയാണ് ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് തുടക്കം കുറിച്ചത്. പാലക്കാട്, ആലത്തൂര്‍ ഭാഗങ്ങളായിരുന്നു തുടക്കത്തിലെ പ്രവർത്തന മേഖല.
വൃക്കകള്‍ തകര്‍ന്ന് ഡയാലിസിസിന് പോലും വകയില്ലാതെ കഴിഞ്ഞിരുന്ന ഒരാളുടെ ദൈന്യത ഫേസ്ബുക് ലൈവിലൂടെ പുറംലോകത്ത് എത്തിച്ചപ്പോള്‍ ലഭിച്ച വര്‍ധിച്ച സ്വീകാര്യതയോടെയാണ് ഈ രംഗത്ത് കൂടുതലായി ചുവടുറപ്പിച്ചത്. ഒരു ലൈവിലൂടെ 40-50 ലക്ഷം രൂപ സമാഹരിച്ചു നല്‍കാനായി. അര്‍ഹരായവർക്ക് ഇനിയൊരു സഹായഭ്യർഥന വേണ്ടാത്ത തരത്തിൽ സഹായം എത്തിച്ചുനൽകാൻ ഇത്തരം വിഡിയോ ലൈവുകളിലൂടെ സാധിച്ചു. ഏറ്റെടുത്ത പദ്ധതികളൊക്കെ ഏറ്റവും ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയുമാണ് ചെയ്യുന്നത്.
കാരുണ്യപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവരില്‍ 95 ശതമാനവും പ്രവാസി സഹോദരന്മാരാണ്. അവരോട് കടപ്പാടുണ്ടെന്നും ഫിറോസ് പറഞ്ഞു. സമൂഹമാധ്യമത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതാണ് വിജയ കാരണം. കാരുണ്യപ്രവർത്തനത്തെ കച്ചവടമായി കൊണ്ടുനടക്കുന്നവരില്‍ നിന്നും പല എതിര്‍പ്പുകളും വ്യാജ ആരോപണങ്ങളും ഉണ്ടാകുന്നുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സ്നേഹമുഖം നല്‍കുക മാത്രമാണ് താൻ ചെയ്യുന്നത്. ജാതി-മത അതിര്‍വരമ്പുകള്‍ നോക്കാതെ എല്ലാ വിഭാഗങ്ങളിലും പെട്ട പാവപ്പെട്ട ജനവിഭാഗങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഫിറോസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.