റാസ് മദ്‌റക തീരത്തെ എണ്ണച്ചോർച്ച; പ്രതിരോധ നടപടികൾ ശക്തമാക്കി

മസ്‌കത്ത്: ദുകമിലെ റാസ് മദ്‌റക തീരപ്രദേശങ്ങളിൽ കപ്പൽ അപകടത്തെ തുടർന്നുണ്ടായ കനത്ത എണ്ണമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഒമാൻ ഭരണകൂടം. ഇതിന്റെ ഭാഗമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും പരിസ്ഥിതി അതോറിറ്റിയും സംയുക്തമായി ദുരന്തബാധിത തീരങ്ങളിൽ അടിയന്തര ഫീൽഡ് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാഷണൽ എമർജൻസി മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലെ ഹസാർഡസ് മെറ്റീരിയൽസ് ഹാൻഡ്‌ലിങ് വിഭാഗം തലവനും സിവിൽ ഡിഫൻസ് മേധാവിയുമായ മേജർ ജനറൽ സുലൈമാൻ ബിൻ അലി അൽ ഹുസൈനി, പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമ്രി എന്നിവരാണ് നേരിട്ടെത്തി നിലവിലെ ശുചീകരണ പ്രവർത്തനങ്ങളും തുടർനടപടികളും അവലോകനം ചെയ്തത്.

ഏകദേശം എട്ടു ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ബാരൽ അസംസ്‌കൃത എണ്ണയുമായി സഞ്ചരിച്ചിരുന്ന ‘കരോലിൻ ബെസെംഗി’ എന്ന ഭീമൻ എണ്ണക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ജൂണിൽ യെമൻ തീരത്തിനടുത്തുവെച്ച് കപ്പലിൽ ശക്തമായ സ്ഫോടനമുണ്ടാകുകയും ജലം കപ്പലിനുള്ളിലേക്ക് കയറുകയും ചെയ്തിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കപ്പൽ ജൂൺ 30-ഓടെ ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ ഹല്ലാനിയാത്ത് ദ്വീപസമൂഹത്തിലെ ‘അൽ ഖിബ്‍ലിയ്യ’ ദ്വീപിന് സമീപം അടിത്തട്ടിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

ആഴ്ചകളായി കടലിൽ തങ്ങിനിൽക്കുന്ന കപ്പലിൽ നിന്നുള്ള ഇന്ധനച്ചോർച്ച ശക്തമായ മൺസൂൺ കാറ്റും കടൽക്ഷോഭവും കാരണം അതിവേഗം ഒമാന്റെ തീരങ്ങളിലേക്ക് വ്യാപിച്ചു. കടലിൽ ഏകദേശം 400 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്ത് ഈ എണ്ണപ്പാട നിലവിൽ പടർന്നതായാണ് റിപ്പോർട്ട്. നിലവിലെ നിരീക്ഷണങ്ങൾ പ്രകാരം റാസ് മദ്‌റക മേഖലയിൽ മാത്രം 40 കിലോമീറ്ററോളം നീളത്തിൽ തീരപ്രദേശം എണ്ണമലിനീകരണത്തിന്റെ പിടിയിലാണ്. വരും മണിക്കൂറുകളിൽ മൺസൂൺ കാറ്റിന്റെ ഗതിക്കനുസരിച്ച് മസീറ ദ്വീപിന്റെ തെക്കൻ തീരങ്ങളിലേക്ക് കൂടി (10 മുതൽ 20 കിലോമീറ്റർ പരിധിയിൽ) എണ്ണപ്പാട പടരാൻ സാധ്യതയുണ്ടെന്ന് സാറ്റലൈറ്റ് ചിത്രങ്ങളും ആധുനിക മോഡലിങ് സംവിധാനങ്ങളും വിശകലനം ചെയ്ത് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അത്യപൂർവ കടലാമകളുടെയും വൈവിധ്യമാർന്ന സമുദ്രജീവികളുടെയും ആവാസകേന്ദ്രമായ ഹല്ലാനിയാത്ത് നാചുറൽ മറൈൻ റിസർവിനെ ഈ ദുരന്തം ദോഷകരമായി ബാധിക്കാതിരിക്കാൻ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള എണ്ണയോ മറ്റ് മലിനവസ്തുക്കളോ നേരിട്ട് കൈകാര്യം ചെയ്യാൻ ശ്രമിക്കരുതെന്നും, ഇത്തരം പ്രതിഭാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ വിവരം അറിയിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഒമാൻ പരിസ്ഥിതി അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - The Omani government has intensified preventive measures in the wake of oil pollution.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.