ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ നടന്ന സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടന ചടങ്ങിൽനിന്ന്
മുസന്ന: പുതിയ അധ്യയന വർഷത്തെ ആൺകുട്ടികളുടെ അണ്ടർ 14,17,19 വിഭാഗങ്ങളിലെ സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ ആവേശകരമായ തുടക്കം. ആഗസ്റ്റ് 13 മുതൽ 17 വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ ഒമാനിലെ 16 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 38 ടീമുകളാണ് മാറ്റുരക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഒമാൻ ദേശീയ ഫുട്ബാൾ താരം ഖാലിദ് നാസർ ഫാദിൽ അൽ ബ്രൈക്കി മുഖ്യാതിഥിയായി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, കോഓഡിനേറ്റേഴ്സ്, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, എന്നിവർക്കൊപ്പം ഒമാൻ ദേശീയ റഫറിമാരും ചടങ്ങിൽ സന്നിഹിതരായി. ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങളോടെ ചടങ്ങുകൾക്ക് തുടക്കമായി. പ്രിൻസിപ്പൽ നയ്യർ ഇഖ്ബാൽ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ട്രഷറർ ഡോ. അജീബ് പാലക്കൽ മുഖ്യാതിഥിയെ സ്വീകരിച്ചു. സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ഷെസിൻ പ്രതിജ്ഞ ചൊല്ലി നൽകി. സ്പോർട്സ് ആൻഡ് കോ കരിക്കുലർ സബ് കമ്മിറ്റി ചെയർപേഴ്സൺ ഷമീർ അഹമ്മദ് മുഖ്യാതിഥിയുടെ നാമം ആലേഖനം ചെയ്ത ജേഴ്സിയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ ആഷിഫ ആസിഫ് ഉപഹാരവും നൽകി മുഖ്യാതിഥിയെ ആദരിച്ചു. ഔപചാരിക ഉദ്ഘാടനത്തിന് ശേഷം മുഖ്യാതിഥി കളിക്കാരെ പരിചയപ്പെടുകയും കിക്കോഫ് നിർവഹിക്കുകയും ചെയ്തു.
ഒന്നാം ദിവസം ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിലെ എട്ടു മത്സരങ്ങൾ നടന്നു. ആഗസ്റ്റ് 17ന് ആൺകുട്ടികളുടെ അണ്ടർ 14,17,19 വിഭാഗങ്ങളുടെ ഫൈനൽ മത്സരങ്ങളും തുടർന്ന് സമാപന ചടങ്ങും നടക്കും. യുവ ഫുട്ബാൾ പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും വിദ്യാർഥികളിൽ കായിക മനോഭാവവും പരസ്പര സഹകരണവും വളർത്താനും സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ചാമ്പ്യൻഷിപ്പ് മികച്ച വേദിയാണ്. ഒമാൻ ദേശീയ റഫറിമാരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ നിയന്ത്രിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.