ബിസിനസ് വിജയഗാഥകളുടെ ആഘോഷവേദിയാവാൻ ഇൻസ്പയർ ഒമാൻ സമ്മിറ്റ് ഒരുങ്ങി

മസ്കത്ത്: ഒമാനിലെ ബിസിനസ് രംഗത്തെ വിജയഗാഥയുമായി ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ‘ഇൻസ്പയർ ഒമാൻ സമ്മിറ്റ്’ ബുധനാഴ്ച മസ്കത്തിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ഡെസ്ക്ക് പ്രവർത്തനസജ്ജമാകും.

അൽ മൗജിലെ സെന്റ് റെജീസിൽ രാവിലെ 10ന് ആരംഭിക്കുന്ന ഓപണിങ് സെഷനിൽ ഒമാൻ രാജകുടുംബാംഗം സയ്യിദ് മുഹമ്മദ് ബിൻ സാലിം അൽ സഈദ് മുഖ്യാതിഥിയാവും. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് ഓഫ് പ്രോട്ടോക്കോൾ ഉൾപ്പെടെയുള്ള നിർണായക പദവികൾ വഹിച്ചിട്ടുള്ള മുതിർന്ന നയതന്ത്രജ്ഞനാണ് സയ്യിദ് മുഹമ്മദ് ബിൻ സാലിം അൽ സഈദ്.

ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ ശൈഖ് ഫെസൽ ബിൻ അബ്ദുല്ല അൽ റവാസ് ‘വൈ ഒമാൻ വൈ നൗ’ എന്ന തലക്കെട്ടിൽ മുഖ്യ അവതരണം നിർവഹിക്കും. സുൽത്താനേറ്റിലെ ലോജിസ്റ്റിക്സ്, മാനുഫാക്ചറിങ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, സുസ്ഥിരത, മൈനിങ്- മിനറൽസ്, ഹെൽത്ത്കെയർ, ടെക്നോളജി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളെ സമഗ്രമായി അവതരിപ്പിക്കുന്ന അവതരണം ഈ സെഷനിൽ നടക്കും.

തുടർന്ന്, ഇൻസ്പയർ ഒമാന്റെ ലക്ഷ്യങ്ങളെയും കാഴ്ചപ്പാടുകളെയും സദസ്സിന് പരിചയപ്പെടുത്തും. ഒമാനിലെ പുതിയ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനവും ധാരണാപത്രം കൈമാറലും നടക്കും. ഒ.സി.സി.ഐ ബോർഡമാവും ഫോറിൻ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റി ഹെഡുമായ അബ്ദുല്ലത്തീഫ് ഉപ്പള ചേംബറിന്റെ നിക്ഷേപ സന്ദേശം കൈമാറും.

തുടർന്ന്, ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സംസാരിക്കും. ഇടവേളക്കുശേഷം, ‘അൺലോക്കിങ് ദ മൈൻഡ്സെറ്റ് ബിഹൈൻഡ് ഓപർച്യൂനിറ്റി’ എന്ന തലക്കെട്ടിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഒഫീഷ്യൽ മെന്റർ അർഫീൻ ഖാന്റെ ഗംഭീര സെഷൻ അരങ്ങേറും. തുടർന്ന്, ആധുനിക ഒമാന്റെ വികസന ചരിത്രത്തിൽ സുവർണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത, ബിസിനസ് രംഗത്തെ മൂന്ന് അതികായർ ‘ഇൻസ്പയർ ഒമാൻ സമ്മിറ്റി’ൽ അനുഭവങ്ങൾ പങ്കിടാനെത്തും. ഗൾഫാർ എൻജിനീയറിങ് സ്ഥാപകൻ ഡോ. പി. മുഹമ്മദലി, ഖിംജി രാംദാസ് ഗ്രൂപ്പ് ഡയറക്ടർ അനിൽ ഖിംജി, അൽ അൻസാരി ഗ്രൂപ്പ് സ്ഥാപകൻ കിരൺ ആഷർ എന്നിവരാണ് ‘മീറ്റ് ദ പയനിയേഴ്സ്’ സെഷനിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുക.

 

ഉച്ചക്കുശേഷം, ആദ്യ സെഷനിൽ ഇന്ത്യ- ഒമാൻ സമഗ്ര പങ്കാളിത്ത വ്യാപാര കരാർ ചർച്ചയാവും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സതീഷ് ബി. കൃഷ്ണൻ വിഷയമവതരിപ്പിക്കും. തുടർന്ന്, ബിസിനസ് രംഗത്തെ സുസ്ഥിര മാതൃയെ കുറിച്ചുള്ള ചർച്ചയിൽ ഒമാന്റെ ഹരിത ഭാവിയും സർക്കുലർ ഇക്കോണമിയും അടിസ്ഥാനമാക്കി പാനൽ ചർച്ച നടക്കും.

ഒമാനിൽ മാലിന്യസംസ്‌കരണത്തെ ലാഭകരമായ ബിസിനസ് മാതൃകകളാക്കി മാറ്റിയ പ്രവാസി വ്യവസായ പ്രമുഖരായ നൗഷാദ് റഹ്മാൻ, ഇബ്രാഹിം അബ്ദുൽ റഹീം, ഇ.എം. ബദറുദ്ദീൻ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും. ഒമാനിലെ സുസ്ഥിര വികസന മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകുന്ന മൂന്ന് പ്രധാന മേഖലകളെക്കുറിച്ചാണ് പാനലിസ്റ്റുകൾ ചർച്ച ചെയ്യുക. മൈനിങ്-മിനറൽസ് മേഖലയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചുള്ള ഹ്രസ്വ സെഷൻ ഷിജു ശശിധരൻ അവതരിപ്പിക്കും.  രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും www.inspireoman.com

Tags:    
News Summary - Inspire Oman Summit set to become a platform celebrating business success stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.