ഒമാനിൽ ബ്രാൻഡിങ് ചട്ടങ്ങൾ പാലിക്കണം; ദേശീയ ചിഹ്നങ്ങളുടെ ദുരുപയോഗത്തിന് വിലക്ക്
മസ്കത്ത്: വ്യാപാരമുദ്രകൾ തെരഞ്ഞടുക്കുമ്പോഴും രൂപകൽപ്പന ചെയ്യുമ്പോഴും രജിസ്റ്റർ ചെയ്യുമ്പോഴും നിയമപരമായ വ്യവസ്ഥകൾ പാലിക്കണമെന്ന് സംരംഭകർക്കും കമ്പനികൾക്കും നിർദേശം നൽകി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.
രാജ്യങ്ങളുടെ ഔദ്യോഗിക പതാകകൾ, ചിഹ്നങ്ങൾ, പരമാധികാരത്തെ പ്രതിനിധീകരിക്കുന്ന അടയാളങ്ങൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാരമുദ്രകൾക്കും വിലക്കുണ്ട്. വ്യാപാരമുദ്രകൾ ഉൽപന്നങ്ങളെയും സേവനങ്ങളെയും തിരിച്ചറിയാനും സ്ഥാപനങ്ങളുടെ വാണിജ്യപ്രശസ്തി വളർത്താനും സഹായിക്കുന്ന പ്രധാന ആസ്തികളാണെന്ന് മന്ത്രാലയത്തിലെ ദേശീയ ബൗദ്ധിക സ്വത്തവകാശ ഓഫീസ് ഡയറക്ടർ എൻജിനീയർ ഖാലിദ് ബിൻ ഹമൂദ് അൽ ഹിനായി പറഞ്ഞു.
ഒരു ബ്രാൻഡ് രൂപകൽപ്പന ചെയ്യുമ്പോൾ വ്യത്യസ്തമായ പേരോ ലോഗോയോ തെരഞ്ഞെടുക്കുന്നതു മാത്രം മതിയാകില്ലെന്നും അത് രജിസ്റ്റർ ചെയ്യാൻ നിയമപരമായി അർഹമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യങ്ങളുടെ പേരുകൾ, പ്രദേശങ്ങളുടെ പേരുകൾ, ഭൂമിശാസ്ത്രപരമായ സൂചനകൾ എന്നിവ ഉൽപന്നങ്ങളുടെയോ സേവനങ്ങളുടെയോ യഥാർഥ ഉത്ഭവത്തെക്കുറിച്ച് ഉപഭോക്താക്കളിൽ തെറ്റായ ധാരണ സൃഷ്ടിക്കുന്ന രീതിയിൽ ഉപയോഗിക്കരുത്.
കോട്ടകളുടെയും ചരിത്രസ്മാരകങ്ങളുടെയും ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് പൂർണ വിലക്കില്ലെങ്കിലും അവയിൽ സംരക്ഷിത ചിഹ്നങ്ങളോ അനുമതിയില്ലാത്ത ഔദ്യോഗിക ബന്ധം സൂചിപ്പിക്കുന്ന ഘടകങ്ങളോ ഉണ്ടന്നതിനെ ആശ്രയിച്ചായിരിക്കും രജിസ്ട്രേഷൻ അനുവദിക്കുക.
വ്യാപാരമുദ്രയുടെ രൂപം മാത്രമല്ല, അതിന്റെ സവിശേഷത, നിലവിലുള്ള വ്യാപാരമുദ്രകളുമായുള്ള സാമ്യം, നിയമപരമായ നിയന്ത്രണങ്ങൾ എന്നിവയും രജിസ്ട്രേഷൻ അപേക്ഷ പരിശോധിക്കുമ്പോൾ പരിഗണിക്കുമെന്ന് മുസന്ദം ഗവർണറേറ്റിലെ വാണിജ്യവകുപ്പ് മേധാവി ഗാലിബ് ബിൻ മുഹമ്മദ് അൽ സഈദി പറഞ്ഞു. മുൻകൂർ പരിശോധനകൾ നടത്തുന്നത് അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യതയും അധിക ചെലവും നിയമതർക്കങ്ങളും കുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ വ്യാപാരമുദ്ര നിയമവ്യവസ്ഥക്ക് പുറമെ, ബാധകമായ സാഹചര്യങ്ങളിൽ 2008ലെ റോയൽ ഡിക്രി 67/2008 പ്രകാരമുള്ള വ്യവസായ സ്വത്തവകാശ നിയമവും ഒമാനിലെ രജിസ്ട്രേഷൻ നടപടികൾക്ക് അടിസ്ഥാനമാണ്. 2017ലെ റോയൽ ഡിക്രി 33/2017 പ്രകാരമാണ് ജി.സി.സി വ്യാപാരമുദ്ര നിയമവ്യവസ്ഥ പുറപ്പെടുവിച്ചത്.
വ്യാപാരമുദ്രക്ക് രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കുന്നതുകൊണ്ടുമാത്രം അംഗീകാരം ഉറപ്പാകില്ല. നിയമപരമായ പരിശോധനകൾക്കുശേഷം അപേക്ഷയിൽ ഭേദഗതി ആവശ്യപ്പെടാനോ നിരസിക്കാനോ അധികൃതർക്ക് അധികാരമുണ്ട്. അംഗീകരിച്ച വ്യാപാരമുദ്ര പ്രസിദ്ധീകരിച്ചാൽ അതിനെതിരെ താൽപര്യമുള്ളവർക്ക് 60 ദിവസത്തിനകം രേഖാമൂലം എതിർപ്പറിയിക്കാം.
രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രക്ക് അപേക്ഷാ തീയതി മുതൽ 10 വർഷത്തേക്കാണ് സംരക്ഷണം ലഭിക്കുക. നിയമാനുസൃത നടപടികൾ പാലിച്ച് തുടർന്നുള്ള കാലയളവുകളിലേക്ക് ഇത് പുതുക്കാനും സാധിക്കും.വ്യാപാരമുദ്രകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിയമപരമായ പരിശോധനകൾ പൂർത്തിയാക്കണമെന്നും നിരോധിത ചിഹ്നങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ഘടകങ്ങളും ഒഴിവാക്കണമെന്നും മന്ത്രാലയം സംരംഭകരോടും ഡിസൈനർമാരോടും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.