ഒമാനിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ 7.1 ശതമാനം കുറവ്

മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങൾ വഴി ഈ വർഷം ആഗസ്റ്റ് അവസാനം വരെ യാത്ര ചെയ്തത് 93.09 ലക്ഷം പേർ. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1.002 കോടി യാത്രക്കാരെ അപേക്ഷിച്ച് 7.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മസ്കത്ത്, സലാല, സുഹാർ വിമാനത്താവളങ്ങൾ വഴി ആഗസ്റ്റ് അവസാനം വരെ 53,716 അന്താരാഷ്ട്ര വിമാന സർവിസുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 58,890 സർവിസുകളുണ്ടായിരുന്നു. വിമാന സർവിസുകളുടെ എണ്ണത്തിൽ 8.8 ശതമാനം കുറവുണ്ടായി.മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 81.01 ലക്ഷം യാത്രക്കാരാണ് ഈ വർഷം ആദ്യ എട്ടു മാസങ്ങളിൽ യാത്ര ചെയ്തത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 87.57 ലക്ഷത്തെ അപേക്ഷിച്ച് 7.5 ശതമാനം കുറവാണിത്. സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 4.4 ശതമാനം കുറഞ്ഞ് 11.55 ലക്ഷമായി. സുഹാർ വിമാനത്താവളം വഴി 15,292 പേരും ദുകം വിമാനത്താവളം വഴി 36,443 പേരും യാത്ര ചെയ്തു. ഇവിടങ്ങളിൽ യഥാക്രമം 17.4 ശതമാനവും 9.3 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.

മസ്കത്ത് വിമാനത്താവളം വഴി ആഗസ്റ്റിൽ എത്തിയവരിലും പുറപ്പെട്ടവരിലും ഒമാനി പൗരന്മാരാണ് ഏറ്റവും കൂടുതൽ. 2,02,033 പേരാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടത്. 1,45,720 യാത്രക്കാരുമായി ഇന്ത്യക്കാർ രണ്ടാം സ്ഥാനത്തും 42,050 പേരുമായി ബംഗ്ലാദേശികൾ മൂന്നാം സ്ഥാനത്തുമുണ്ട്.

Tags:    
News Summary - 7.1 percent drop in passenger numbers at Oman airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.