താമസമേഖലകളിൽ തൊഴിലാളികൾക്ക് അനധികൃത താമസസൗകര്യം ഒരുക്കരുത്; മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ
മസ്‌കത്ത്: താമസമേഖലകളിൽ തൊഴിലാളികൾക്കും ബാച്ചിലർമാർക്കും അനധികൃതമായി താമസസൗകര്യം ഒരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. കെട്ടിട ഉടമകളും വാടകക്ക് നൽകുന്നവരും തൊഴിലുടമകളും താമസവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.
മസ്‌കത്ത് ഗവർണറേറ്റിലെ കെട്ടിടങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന പ്രാദേശിക ഉത്തരവ് 23/92ലെ ആർട്ടിക്കിൾ 31 (ഡി) പ്രകാരം, താമസമേഖലകളിലും താമസ-വാണിജ്യ മേഖലകളിലും തൊഴിലാളികൾക്കും അവിവാഹിതരായ പുരുഷന്മാർക്കും താമസിക്കാൻ കെട്ടിടങ്ങളോ സമുച്ചയങ്ങളോ നിർമിക്കാൻ അനുമതിയില്ല. ഒരേ കെട്ടിടത്തിൽ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും താമസസൗകര്യം ഒരുക്കുന്നതും ചട്ടവിരുദ്ധമാണ്.
നിയമവിരുദ്ധമായ താമസക്രമീകരണങ്ങൾ റോഡുകളിലും പാർക്കിങ് സ്ഥലങ്ങളിലും തിരക്ക് വർധിപ്പിക്കുന്നതിനൊപ്പം ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങൾക്കും പൊതുസേവന സംവിധാനങ്ങൾക്ക് അധികഭാരത്തിനും കാരണമാകുമെന്ന് നഗരസഭ വ്യക്തമാക്കി. സമീപവാസികളുടെ സൗകര്യങ്ങളെയും ഇത് ബാധിക്കാം.കെട്ടിടം വാടകക്ക് നൽകുന്നതിന് മുമ്പ് അതിന്റെ അംഗീകൃത ഉപയോഗവിഭാഗം ഉടമകളും വാടകക്ക് നൽകുന്നവരും പരിശോധിക്കണം.
തൊഴിലാളികൾക്കായി നിശ്ചിത സ്ഥലങ്ങളിൽ മതിയായ താമസസൗകര്യം ഒരുക്കുകയും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് തൊഴിലുടമകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.