അനുഭവങ്ങൾ ആശയങ്ങൾക്ക് കരുത്താകും; ‘മീറ്റ് ദ പയനീർ’ അപൂർവതകളുടെ വേദിയാവും
മസ്കത്ത്: ആധുനിക ഒമാന്റെ വികസന ചരിത്രത്തിൽ സുവർണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത, ബിസിനസ് രംഗത്തെ മൂന്ന് അതികായർ ‘ഇൻസ്പയർ ഒമാൻ സമ്മിറ്റി’ൽ വേദി പങ്കിടും. കഠിനാധ്വാനത്തിലൂടെയും അചഞ്ചലമായ ദീർഘവീക്ഷണത്തിലൂടെയും സുൽത്താനേറ്റിന്റെ അടിസ്ഥാന സൗകര്യ-വാണിജ്യ-നിർമാണ മേഖലകളെ ഇന്നത്തെ പ്രൗഢിയിലേക്ക് നയിച്ച ഗൾഫാർ എഞ്ചിനീയറിങ് സ്ഥാപകൻ ഡോ. പി. മുഹമ്മദലി, ഖിംജി രാംദാസ് ഗ്രൂപ്പ് ഡയറക്ടർ അനിൽ ഖിംജി, അൽ അൻസാരി ഗ്രൂപ്പ് സ്ഥാപകൻ കിരൺ ആഷർ എന്നിവരാണ് സമ്മിറ്റിലെ ഏറ്റവും ശ്രദ്ധേയമായ ‘മീറ്റ് ദ പയനീർ’ സെഷനിൽ തങ്ങളുടെ അനുഭവപാഠങ്ങൾ പങ്കുവെക്കാനെത്തുന്നത്. കേവലം വ്യവസായികൾ എന്നതിനപ്പുറം ഒമാൻ ഭരണാധികാരികളുടെയും ജനങ്ങളുടെയും വിശ്വാസമാർജിച്ച ഇവർ, പുതുതലമുറയിലെ ഏതൊരു ആഗോള നിക്ഷേപകനും ഒരുപോലെ മാതൃകയാക്കാവുന്ന വിജയത്തിന്റെ വഴിയടയാളങ്ങളാണ്.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) പിന്തുണയോടെ മസ്കത്തിലെ സെന്റ് റെജീസിൽ ഒക്ടോബർ 14ന് നടക്കുന്ന സമ്മിറ്റിൽ മൂവരുടെയും ബിസിനസ് രംഗത്തെ പതിറ്റാണ്ടുകളായുള്ള അനുഭവപാഠങ്ങൾ, പുതിയ നിക്ഷേപകർക്കുള്ള വിജയമന്ത്രങ്ങൾ തുടങ്ങിയവയും സെഷനിൽ ചർച്ചാവിഷയമാകും.
ഒമാന്റെ ഹരിത ഭാവിയെയും സർക്കുലർ ഇക്കോണമിയെയും അടിസ്ഥാനമാക്കിയുള്ള പാനൽ ചർച്ചക്കും സമ്മിറ്റ് ഇടം നൽകും. ഒമാനിൽ മാലിന്യസംസ്‌കരണത്തെ ലാഭകരമായ ബിസിനസ് മാതൃകകളാക്കി മാറ്റിയ പ്രവാസി വ്യവസായ പ്രമുഖരായ നൗഷാദ് റഹ്മാൻ, ഇബ്രാഹിം അബ്ദുറഹീം, ഇ.എം. ബദറുദ്ദീൻ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും. ഇന്ത്യ- ഒമാൻ സ്വതന്ത്ര വ്യാപാര കരാറുമായി (സെപ) ബന്ധപ്പെട്ട പ്രത്യേക സെഷനും ചോദ്യോത്തര വേളയും സമ്മിറ്റിൽ ഒരുക്കും. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും www.inspireoman.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.