ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറന്നേക്കും
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാകാനാകുന്നു. ഒമാനിലെ മസ്കത്ത് ഒഴികെ ഭാഗങ്ങളിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ വാക്സിനേഷൻ ഏതാണ്ട് പൂർണമായി കഴിഞ്ഞു. മസ്കത്ത് മേഖലയിലും 12 വയസ്സിന് മുകളിലുള്ള 70 ശതമാനം കുട്ടികളും വാക്സിനേഷൻ നടത്തിക്കഴിഞ്ഞു. ബാക്കിയുള്ള കുട്ടികൾക്കും വാക്സിനേഷൻ നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ ഇൗ നടപടികളും പൂർത്തിയാവും. വാക്സിനേഷൻ നടപടികൾ പൂർണമാവുന്നതോടെ ഇന്ത്യൻ സ്കൂളുകളും തുറന്ന് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. സ്കൂളുകളിലും സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. കോവിഡ് സുരക്ഷാമാനദന്ധങ്ങൾ പൂർണമായി നടപ്പാക്കിയ ശേഷം മാത്രമായിരിക്കും സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അധികൃതർ അനുവാദം നൽകുക.
ബുധൻ, വ്യാഴം ദിവസങ്ങളിൽ മസ്കത്ത് മേഖലയിലെ 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് വാക്സിനേഷൻ നടത്താൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് രണ്ട് ദിവസങ്ങളിലായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ വാക്സിനേഷന് എത്തിയത്.
തലസ്ഥാനനഗരിയിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലെയും 12 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിനേഷന് സൗകര്യമൊരുക്കിയത് വൻ തിരക്കിന് കാരണമാക്കി. എങ്കിലും കുറ്റമറ്റരീതിയിലാണ് കുട്ടികൾക്ക് വാക്സിനേഷൻ സൗകര്യം ഒരുക്കിയതെന്ന് രക്ഷിതാക്കൾ പറയുന്നു. കുട്ടികൾക്ക് ഫൈസർ വാക്സിനാണ് ലഭിച്ചത്. ഇത് സൗജന്യവുമായിരുന്നു. നേരത്തെ രജിസ്ട്രേഷൻ നടത്തിയെങ്കിലും സ്കൂൾ അധികൃതരിൽനിന്നോ രക്ഷിതാക്കളിൽനിന്നോ തുകയൊന്നും അധികൃതർ ഇൗടാക്കിയിട്ടില്ല.
വാക്സിനേഷൻ സെൻററിലെത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണനയാണ് അധികൃതർ നൽകിയത്. റെസിഡൻറ് കാർഡുള്ള കുട്ടികൾക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയത്.
ടോക്കൺ വാങ്ങി അരമണിക്കൂറിനകം എല്ലാ നടപടികളും അവസാനിക്കുന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരുന്നത്. കുട്ടികൾക്ക് മാത്രം നൂറുകണക്കിന് കൗണ്ടറുകൾ ഒരുക്കിയതിനാൽ അധികം കാത്തിരിപ്പില്ലാതെ പെെട്ടന്ന് വാക്സിനേഷൻ കഴിയും. കുടുംബത്തിൽ ഒരു കുട്ടിയുള്ളവർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയത് കൂടെ പോവുന്ന രക്ഷിതാക്കൾക്കും വലിയ സൗകര്യമായി. എസ്.എം.എസ് ലഭിക്കാത്തവരുടെ രജിസ്ട്രേഷന് പ്രവേശന കവാടത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ആയിരക്കണക്കിന് വിദ്യർഥികൾ രണ്ട് ദിവസങ്ങളിൽ വാക്സിനേഷനെത്തിയെങ്കിലും ഒരു പ്രയാസവും കാത്തിരിപ്പും ഉണ്ടായിട്ടില്ലെന്ന് വ്യാഴാഴ്ച വാക്സിനേഷന് പോയ അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയുടെ രക്ഷിതാവ് പറഞ്ഞു. നടപടിക്രമങ്ങൾ കുറ്റമറ്റതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.