മസ്കത്ത്: ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ രക്ഷിതാക്കളുടെ ഓപൺഫോറം വ്യാഴാഴ്ച നടക്കും. സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ രാത്രി ഏഴ് മണിമുതലായിരിക്കും ഓപൺ ഫോറമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഫോറത്തിൽ ഉന്നയിക്കാനുള്ള പരാതികൾ, ആശങ്കകൾ, നിർദേശങ്ങൾ എന്നിവ മുൻകൂട്ടി രക്ഷിതാക്കളിൽനിന്നും ക്ഷണിച്ചിരുന്നു. parentrelationshead@isdoman.com എന്ന ഇമെയിലിലൂടെയായിരുന്നു പരാതികൾ മറ്റും സമർപ്പിക്കേണ്ടിയിരുന്നത്. ഫെബ്രുവരി 15 ആയിരുന്നു ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി.
ഏറെ കാലത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ സ്കൂളുകളിൽ ഓപൺ ഫോറം നടക്കുന്നത്. ഓപൺഫോറം വിളിച്ചുചേർക്കണമെന്ന് വിവിധസമയങ്ങളിൽ രക്ഷിതാക്കളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിരവധി കാരണങ്ങളാൽ അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. അടുത്തിടെ വിവിധ രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകൾ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
ബോർഡ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ അക്കാദമിക് വിഷയങ്ങളോടൊപ്പം ഓപൺ ഫോറം പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയും രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യങ്ങളിൽ ബോർഡിന്റെഭാഗത്ത് നിന്ന് അനുകൂലമായ നടപടിയുണ്ടായതോടെയാണ് ഓപൺഫോറത്തിന് വഴി തെളിഞ്ഞത്. വരും ദിവസങ്ങളിലായി മറ്റ് സ്കൂളുകളിലും ഒാപൺ ഫോറങ്ങൾ നടക്കും. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഫെബ്രുവരി 29നാണ് നിശ്ചയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.