മസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിൽ അടുത്ത അധ്യയനവർഷത്തിലെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിച്ചു. ഈവർഷം പൂർണമായി ഓൺലൈൻ രീതിയിലായിരുന്നു അപേക്ഷകൾ സമർപ്പിക്കേണ്ടിയിരുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് അപേക്ഷ സമർപ്പിക്കാനും ഫീസ് അടക്കാനും സ്കൂളുകളെ സമീപിക്കുന്നരീതി ഒഴിവാക്കിയത് രക്ഷിതാക്കൾക്ക് അനുഗ്രഹമായി. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്നു അപേക്ഷകൾ. ഈവർഷം പൊതുവെ അപേക്ഷകരുടെ തള്ളിക്കയറ്റമൊന്നുമുണ്ടായിട്ടില്ല എന്നാണ് അറിയാൻകഴിയുന്നത്.
അതിനാൽ ആദ്യ നറുക്കെടുപ്പിൽതന്നെ എല്ലാവർക്കും സീറ്റുകൾ ലഭിക്കാനാണ് സാധ്യത. അൽ ഗുബ്റ ഇന്ത്യൻ സ്കൂൾ ഒഴികെ മറ്റ് സ്കൂളുകളിൽ അപേക്ഷിച്ചവർക്കെല്ലാം അപേക്ഷിച്ച സ്കൂളുകളിൽതന്നെ സീറ്റുകൾ ലഭിക്കും. സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ പ്രവേശന നടപടികൾക്ക് ശേഷവും അപേക്ഷകൾ സ്വീകരിക്കാനും സാധ്യതയുണ്ട്. തലസ്ഥാന നഗരിയിലെ മസ്കത്ത്, ദാർസെത്ത്, വാദീകബീർ, അൽ ഗുബ്റ, ബൗഷർ, സീബ്, മൊബേല എന്നീ ഇന്ത്യൻ സ്കൂളുകളിൽ ഈവർഷം കെ.ജി ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിൽ 6526 സീറ്റൊഴിവുകളാണുണ്ടായിരുന്നത്.
ഏറ്റവും കൂടുതൽ കെ.ജി ഒന്നിലാണ് - 2040. കെജി രണ്ട് -968, ഒന്നാം ക്ലാസ് -870, രണ്ടാം ക്ലാസ്- 534, മൂന്ന്- 387, നാല് -387, അഞ്ച് -367, ആറ് -290, ഏഴ് -283, എട്ട് -232, ഒമ്പത് -168 എന്നിങ്ങനെയായിരുന്നു മൊത്തം സീറ്റൊഴിവുകൾ. ഏറ്റവും കൂടുതൽ സീറ്റൊഴിവുകളുള്ളത് ഇന്ത്യൻ സ്കൂൾ മസ്കത്തിലാണ്. മസ്കത്ത് സ്കൂളിലെ എല്ലാ ക്ലാസുകളിലും സീറ്റൊഴിവുകളുണ്ട്. കെ.ജി ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിൽ 1925 സീറ്റൊഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. കെ.ജി ഒന്നിൽ 500 സീറ്റുകളും കെ.ജി രണ്ട്, ഒന്നാം ക്ലാസ് എന്നിവയിൽ 300 സീറ്റുകൾ വീതവുമാണ് ഒഴിവുള്ളത്. സീറ്റ് ഒഴിവിൽ രണ്ടാമത് വാദികബീർ ഇന്ത്യൻ സ്കൂളാണ്. മൊത്തം 1740 സീറ്റൊഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കെ.ജി ഒന്ന്, കെ.ജി രണ്ട് ക്ലാസുകളിൽ 270 സീറ്റുകൾ വീതവും ഒന്ന്, രണ്ട് ക്ലാസുകളിൽ 200 സീറ്റുകൾ വീതവുമാണ് ഒഴിവുള്ളത്. എറ്റവും കുറഞ്ഞ സീറ്റൊഴിവുള്ളത് ഇന്ത്യൻ സ്കൂൾ അൽ ഗ്രൂബ്രയിലാണ്. മൊത്തം 297 സീറ്റൊഴിവുകളാണ് ഇവിടെയുള്ളത്. രണ്ടാം ക്ലാസിന് മുകളിലെ ക്ലാസുകളിൽ ഒന്നും രണ്ടും സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.