മസ്കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു. വെള്ളി, ശനി ദിവസങ്ങളിൽ റിയാലിന് 219 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. എന്നാൽ വെള്ളിയാഴ്ച രാവിലെ വിനിമയ നിരക്ക് ഒരു റിയാലിന് 217.35 വരെ എത്തിയിരുന്നു. ഇത് നാട്ടിലേക്ക് പണം അയക്കുന്നവരിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ റിയാലിന് 219 രൂപ എന്ന നിരക്കിൽ ക്ലോസ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ കുറെ ദിവസമായി ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുകയാണ്. ഇതേ നിരക്കുതന്നെയാണ് ശനി, ഞായർ ദിവസങ്ങളിൽ ലഭിക്കുക. കഴിഞ്ഞ വർഷം ഒക്ടോബറിനുശേഷമുള്ള എറ്റവും കുറഞ്ഞ നിരക്കാണിത്. ഈ വർഷം ഫെബ്രുവരി എട്ടിന് ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് ഒരു റിയാലിന് 227.50 രൂപ വരെ എത്തിയിരുന്നു. പിന്നീട് താഴേക്ക് വരികയായിരുന്നു. അമേരിക്കൻ ഡോളർ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നതും രൂപ ശക്തി പ്രാപിക്കാൻ പ്രധാന കാരണമാണ്. കഴിഞ്ഞ കുറെ ആഴ്ചകളായി ഈ ഒഴുക്ക് തുടരുകയാണ്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൽ ഇൻസ്റ്ററ്റ്യുഷനിലെ ഇൻവെസ്റ്റേഴ്സും മറ്റു വിദേശ ബാങ്കുകളും ഡോളർ ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കുന്നുണ്ട്. ഇതും ഇന്ത്യൻ രൂപക്ക് അനുകൂല ഘടകമായിരുന്നു. ഇതോടെ ഡോളറിന്റെ വില 83 രൂപയിൽ എത്തിയിരുന്നു. ഡോളറിന്റെ ശക്തി കാണിക്കുന്ന ഡോളർ ഇന്റ്ക്സ് ഏറെ താഴെയാണുള്ളത്. ഏഴ്പ്രധാന കറൻസികളെ അപേക്ഷിച്ച് അമേരിക്കൻ ഡോളറിന്റെ മൂല്യം കാണിക്കുന്നതാണ് ഡോളർ ഇൻഡക്സ്. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ട്രംപിന്റെ നയങ്ങളാണ് ഡോളറിന്റെ മുല്യത്തെ പ്രധാനമായും ബാധിക്കുന്നത്. അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി ചുങ്കം അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. അമേരിക്കൻ സെൻട്രൻ ബാങ്കായ ഫെഡറൽ റിസർവ് ചെയർമാന്റെ ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള പ്രസ്താവനയും ഡോളറിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ, ചൈനയുമായുള്ള അമേരിക്കയുടെ ഇറക്കുമതി നയത്തിൽ അയവ് വന്നത് ഡോളറിന്റെ നില മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്. നിലവിലെ അവസ്ഥ ഇന്ത്യൻ രൂപക്ക് അനുകൂലമാണ്. എന്നാൽ എപ്പോൾ ഇത് മാറി മറയുമെന്ന് പറയാൻ കഴിയില്ല. നേരത്തെ ഇന്ത്യൻ രൂപ ശക്തി കുറയുമെന്നും ഈ വർഷം അവസാനത്തോടെ ഡോളറിന്റെ വില 87 രൂപയിൽ എത്തുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ മറിച്ചാണ് സാമ്പത്തിക വിദഗ്ധരുടെ വില ഇരുത്തൽ.
ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുമെന്നും ഈ വർഷം അവസാനത്തോടെ ഡോളറിന്റെ വില 84 രൂപയാവുമെന്നാണ് ടെ അഭിപ്രായം. അമേരിക്കയിൽ ട്രംപ് അധികാരത്തിയെലത്തിയതും അദ്ദേഹത്തിന്റെ നയങ്ങളുമാണ് നിലവിലുള്ള മാറ്റത്തിന്റെ പ്രധാന കാരണം. എന്നാൽ, ലോക വ്യവസ്ഥകളിൽ മാറ്റമുണ്ടാവുന്നതോടെ ഡോളറിന്റെ മൂല്യത്തിലും മാറ്റം വരാം. അത് ഇന്ത്യൻ രുപയെയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.