പബ്ലിക്ക് അതോറിറ്റി ഫോർ ഇക്കണോമിക്, സ്പെഷൽ, ഫ്രീ സോൺ (ഒപാസ്) അധികൃതർ മസ്കത്തിൽ വാർത്തസമ്മേളനം നടത്തുന്നു
മസ്കത്ത്: വ്യാപാരം വർധിപ്പിക്കാൻ രാജ്യത്ത് കൂടുതൽ സാമ്പത്തിക മേഖലകൾ ആസൂത്രണം ചെയ്യുന്നതായി പബ്ലിക്ക് അതോറിറ്റി ഫോർ ഇക്കണോമിക്, സ്പെഷൽ, ഫ്രീ സോൺ (ഒപാസ്). ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ ഖനന പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള ധാരണപത്രത്തിൽ ഒപാസ് ഒപ്പുവെച്ചു. ദുകം തുറമുഖത്ത് മറ്റൊരു ഖനന പദ്ധതിയും ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ മസ്കത്തിൽ നടത്തിയ വാർഷിക വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിലവിലുള്ള 13 മേഖലകളിലെ മൊത്തം നിക്ഷേപം കഴിഞ്ഞ വർഷം അവസാനത്തോടെ ഏകദേശം 15.2 ശതകോടി റിയാലാണെന്ന് പബ്ലിക്ക് അതോറിറ്റി ഫോർ ഇക്കണോമിക്, സ്പെഷൽ, ഫ്രീ സോണുകളുടെ ചെയർമാനായ ഡോ. അലി ബിൻ മസൂദ് അൽ സുനൈദി പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ വളർച്ചനിരക്ക് ആറ് ശതമാനമായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം മൊത്തം ഉപഭോക്തൃ കരാറുകൾ 130ലധികം എത്തി. പ്രത്യേക സാമ്പത്തിക മേഖലകളിലെയും ഫ്രീ സോണുകളിലെയും തൊഴിലാളികളുടെ എണ്ണം 74,663 ആയിരുന്നു, നിക്ഷേപ അഭ്യർഥനകൾ 600ഉം കവിഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലകളിലെയും സ്വതന്ത്ര മേഖലകളിലെയും ഈ വർഷത്തെ പ്രധാന പദ്ധതികളും നേട്ടങ്ങളും തന്ത്രങ്ങളെക്കുറിച്ചും അധികൃതർ സംസാരിച്ചു. ഡെപ്യൂട്ടി ചെയർമാൻ, അഹമ്മദ് ബിൻ ഹസൻ അൽ ദീബ്, പ്രത്യേക സാമ്പത്തിക മേഖലകളുടെയും ഫ്രീ സോണുകളുടെയും സി.ഇ.ഒമാർ, മറ്റ് ഉദ്യോഗസ്ഥരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.