ഹോക്കി ഒമാനും യു.ടി.എസ്.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹോക്കി ഒമാൻ കാർണിവൽ
പ്രഖ്യാപന ചടങ്ങിൽനിന്ന്
മസ്കത്ത്: ഹോക്കി ഒമാനും യു.ടി.എസ്.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന ഹോക്കി ഒമാൻ കാർണിവൽ- 2025 അമറാത്തിലെ ഹോക്കി ഒമാൻ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ മത്സരങ്ങൾക്ക് തുടക്കമാവും. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഹോക്കി ഫെസ്റ്റിവലാണ് അരങ്ങേറുന്നത്. 47 ടീമുകളും 500ലധികം താരങ്ങളും പങ്കെടുക്കുന്ന ഈ കാർണിവലിനോടനുബന്ധിച്ച് വിവിധ പരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. മൂന്ന് ഗ്രൗണ്ടുകളിലായി മത്സരങ്ങൾ നടക്കും.
ഇന്ത്യയിൽ നിന്നുള്ള ഒമ്പത് ടീമുകൾ ഉൾപ്പെടെ ഈജിപ്ത്, യു.എ.ഇ, ഇറാഖ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ ടീമുകൾ പങ്കെടുക്കും. ഗൾഫ് കപ്പ് ഹോക്കി ഫിയസ്റ്റ (പുരുഷ വിഭാഗം), ഹോക്കി ഒമാൻ ഇന്റർനാഷണൽ വനിത ടൂർണമെന്റ്, ഒമാൻ-ഇന്ത്യ സ്കൂൾ ടൂർണമെന്റ്, 45 വയസിന് മുകളിലുള്ളവർക്കായുള്ള മാസ്റ്റേഴ്സ് കപ്പ് എന്നിവയാണ് പ്രധാന മത്സരങ്ങൾ. ഹോക്കി ഒമാനും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് ഒമാൻ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ശാഖകളുള്ള യു.ടി.എസ്.സി ക്ലബ്ബും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്.
സ്കൂൾ ടൂർണമെന്റ് വഴി യുവതാരങ്ങളെ കണ്ടെത്തിയും പ്രോത്സാഹിപ്പിച്ചും ഒമാനിലെ ഹോക്കിയുടെ ഭാവി ശക്തമാക്കാനാണ് ലക്ഷ്യം. ‘ഹോക്കിയുടെ ഭാവി നമ്മുടെ സ്കൂളുകളിൽ നിന്നാണ് തുടങ്ങുന്നതെന്നും ഇത്തരത്തിലുള്ള പദ്ധതികൾ വഴി ഒമാനിലെ അടുത്ത തലമുറക്കായി ശക്തമായ അടിത്തറ പാകുകയാണെന്നും ഹോക്കി ഒമാൻ ചെയർമാൻ ഡോ. മർവാൻ ജുമ അൽ ജുമ പറഞ്ഞു. മത്സരങ്ങളോടൊപ്പം നടക്കുന്ന ഫാൻ വില്ലേജ് വൈകീട്ട് അഞ്ച് മണി മുതൽ തുറക്കും. 600 വനിതകൾ ഒരുമിച്ച് അവതരിപ്പിക്കുന്ന നൃത്തപ്രകടനം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.