ഒമാനിലുള്ള ഏഷ്യൻ അംബാസഡർമാരുമായി വിദേശ കാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി മസ്‌കത്തിൽ കൂടിക്കാഴ്ച നടത്തുന്നു

മേഖലയിലെ യുദ്ധസാഹചര്യം; ഏഷ്യൻ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി

മസ്‌കത്ത്: ഗൾഫ് മേഖലയിൽ സംഘർഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ഒമാനിലുള്ള ഏഷ്യൻ അംബാസഡർമാരുമായി വിദേശ കാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി മസ്‌കത്തിൽ കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ ഇസ്രായേൽ-അമേരിക്കൻ സൈനിക നടപടികളും അത് മേഖലയിലുണ്ടാക്കുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളും ചർച്ചയായി.

മേഖലയിലെ തുടരുന്ന യുദ്ധാവസ്ഥ അവസാനിപ്പിക്കാനും അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനും സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയാനുമായി നടത്തിവരുന്ന നയതന്ത്ര-രാഷ്ട്രീയ ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും മേഖലയിലെ സ്ഥിരത വീണ്ടെടുക്കാൻ നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്നും വിദേശ കാര്യ മന്ത്രി ആവർത്തിച്ചു.

കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ-അറ്റ്-ലാർജ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി, ജി.സി.സി- റീജ്യനൽ നൈബർഹുഡ് ഡിപാർട്ട് മെന്റ് തലവൻ ശൈഖ് അഹ്മദ് ബിൻ ഹാഷിൽ അൽ മസ്കരി , ഏഷ്യ-പസഫിക് വിഭാഗം മേധാവി ശൈഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഹുസ്നി എന്നിവരും പങ്കെടുത്തു.

തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാൻ അംഗരാജ്യങ്ങളുടെ അംബാസഡർമാരുമായി ബുധനാഴ്ച പ്രത്യേകം വിദേശ കാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തിയിരുന്നു.

മാർച്ച് മൂന്നിന് മസ്കത്തിൽ വെച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അംബാസഡർമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒമാൻ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് യൂറോപ്യൻ യൂണിയൻ അംബാസഡർമാർ പിന്തുണ അറിയിക്കുകയും, മേഖലയിൽ നിന്ന് സ്വന്തം പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഒമാൻ നൽകുന്ന സഹായത്തിന് നന്ദി പറയുകയും ചെയ്തു. 

ഇറാൻ, ജി.സി.സി രാജ്യങ്ങളിൽനിന്ന് ഒമാനി പൗരന്മാർ തിരിച്ചെത്തി

മസ്‌കത്ത്: യുദ്ധ സാഹചര്യത്തെ തുടർന്ന് ഇറാനിലും ജി.സി.സി രാജ്യങ്ങളിലും കുടുങ്ങിയ ഒമാനി പൗരന്മാർ സുരക്ഷിതമായി തിരിച്ചെത്തിയതായി ഒമാൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ കുടുങ്ങിയ ഒമാനി പൗരന്മാരെ പ്രത്യേക സംവിധാനങ്ങളിലൂടെ മാറ്റിപ്പാർപ്പിച്ചതിന് ശേഷമാണ് സുരക്ഷിതമായി സുൽത്താനേറ്റിലെത്തിച്ചത്. തെഹ്റാനിലെയും അങ്കാറയിലെയും ഒമാൻ എംബസികളുമായി സഹകരിച്ചാണ് ഒഴിപ്പിക്കൽ നടപ്പാക്കിയതെന്ന് അറിയിച്ചു.

കൂടാതെ അസർബൈജാൻ അധികാരികളുമായും സഹകരിച്ചു പ്രവർത്തിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഒഴിപ്പിക്കൽ നടപടികൾ സുതാര്യമായി പൂർത്തിയാക്കുന്നതിനുമായി ക്രമബദ്ധമായ കരയാത്രയും വിമാനയാത്രയും ഉൾപ്പെടുത്തിയ ഗതാഗത സംവിധാനം ഒരുക്കിയിരുന്നു.

അതേസമയം, ജി.സി.സി രാജ്യങ്ങളിൽ നിന്ന് എത്തിയ ഒമാനി പൗരന്മാരുടെ മറ്റൊരു സംഘം കര അതിർത്തി കടന്ന് സുരക്ഷിതമായി ഒമാനിലെത്തിയതായും മന്ത്രാലയം അറിയിച്ചു. വിദേശത്തുള്ള ഒമാൻ എംബസികളുമായും ബന്ധപ്പെട്ട അധികാരികളുമായും നിരന്തരം സഹകരിച്ച് പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഈ പ്രവർത്തനങ്ങൾ തുടരുന്നുവെന്നും അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും സുരക്ഷിതമായി മടങ്ങാനാകുന്ന വിധത്തിൽ ആവശ്യമുള്ളത്ര കാലം നാട്ടിലേക്കുള്ള തിരിച്ചുവരവ് നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം മറ്റു രാജ്യങ്ങളിൽനിന്ന് റോഡ് മാർഗം ഒമാൻ അതിർത്തി കടന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ വിമാനം പുപ്പെടുന്നതിന് കുറഞ്ഞത് 12 മണിക്കൂർ മുമ്പ് അതിർത്തികളിൽ എത്തിച്ചേരണമെന്ന നിർദേശം ഒമാൻ എയർ പുപ്പെടുവിച്ചിട്ടുണ്ട്. അതിർത്തി ചെക്ക്പോസ്റ്റുകളിലെ തിരക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അധിക സമയമെടുക്കുന്നതിനാലുമാണ് വിമാനക്കമ്പനി അധികൃതർ ഈ മുന്നറിയിപ്പ് പുപ്പെടുവിച്ചത്. ഷാർജയിൽനിന്ന് മസ്കത്തിലേക്ക് പ്ര​ത്യേകം ബസ് സർവിസുകൾ ഒമാൻ എയറും സലാം എയറും ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - War situation in the region; Foreign Minister meets with Asian ambassadors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.