ഞായറാഴ്ച കാർമേഘാവൃതമായ ആകാശം. അദ്ദാഹിറ ഗവർണറേറ്റിൽനിന്നുള്ള കാഴ്ച
മസ്‌കത്ത്: ഒമാനിൽ ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകി. നാഷണൽ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്ററിന്റെ അറിയിപ്പുപ്രകാരം, ഞായറാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാത്രി 10 വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. ഈ കാലയളവിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും സജീവമായ മേഘരൂപീകരണത്തെ തുടർന്ന് ആലിപ്പഴവർഷവും ശക്തമായ കാറ്റും അനുഭവപ്പെടാനിടയുണ്ടെന്നും അധികൃതർ പറഞ്ഞു.
മസ്‌കത്ത്, അദ്ദാഹിറ, അൽ ദാഖിലിയ, തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, മുസന്ദം, ബുറൈമി, അൽ വുസ്ത എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളിൽ ഇതിന്റെ പ്രഭാവം അനുഭവപ്പെടും. ശക്തമായ മഴയുള്ള സമയങ്ങളിൽ വാദികളിൽ പെട്ടെന്നുള്ള പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
ഇടിമിന്നലോടുകൂടിയ മഴയുള്ളപ്പോൾ കാറ്റിന്റെ വേഗത മണിക്കുറിൽ 28 മുതൽ 92 കി.മീ വരെ ഉയരാൻ സാധ്യതയുണ്ടെന്നും ഇതു ദൃശ്യപരിധി കുറയുന്നതിനും അപകടകരമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിനും കാരണമാകാമെന്നും അറിയിച്ചു.
അതേസമയം, ദോഫാർ ഗവർണറേറ്റിൽ ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മുന്നറിയിപ്പ് കാലയളവിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രളയജലം നിറഞ്ഞ വാദികൾ കടക്കാതിരിക്കുക, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, കടലിൽ പോകുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. ശക്തമായ ഒഴുക്ക് ഏതാനും നിമിഷങ്ങൾക്കകം വാഹനങ്ങളെ പോലും ഒഴുക്കിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പിൽ പറഞ്ഞു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി മസ്‌കത്ത്, തെക്കൻ ബാത്തിന ബാതിന, അൽ ദാഖിലിയ, അദ്ദാഹിറ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് വാദികളിൽ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.