മസ്കത്ത്: ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി സുൽത്താനേറ്റ് പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ ഗൾഫ് വന്യജീവി ദിനം ആചരിച്ചു. എല്ലാ വർഷവും ഡിസംബർ 30നാണ് ഗൾഫ് വന്യജീവി ദിനം ആചരിക്കുന്നത്. ‘സുസ്ഥിര വന്യജീവി സംരക്ഷണത്തിനായി പ്രകൃതി സൗഹൃദ സമൂഹം’എന്നതാണ് ഈ വർഷത്തെ പ്രമേയം.
ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതിസമ്പത്തുകളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും എന്നിവയിൽ ഒമാനും ജി.സി.സി രാജ്യങ്ങളും പുലർത്തുന്ന പ്രതിബദ്ധത ആവർത്തിക്കുകയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവി തലമുറകൾക്കായി പ്രകൃതിസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇതിലൂടെ ഊന്നിപ്പറയുന്നു. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിത ബന്ധത്തിന്റെ ആവശ്യകതയാണ് ഈ വർഷത്തെ പ്രമേയം മുന്നോട്ടുവെക്കുന്നത്. സുസ്ഥിര വികസനത്തിന്റെയും ജീവിത നിലവാരത്തിന്റെയും അടിസ്ഥാന ഘടകമായി വന്യജീവി സംരക്ഷണത്തെ കാണുന്ന സമീപനം സമൂഹത്തിൽ വളർത്തുകയാണ് ലക്ഷ്യം.
വന്യജീവികളെയും സ്വാഭാവിക ആവാസവ്യവസ്ഥകളെയും സംരക്ഷിക്കാൻ ജി.സി.സി രാജ്യങ്ങൾ ഏകോപിത ശ്രമം നടത്തുന്നതിന്റെ തെളിവാണ് ദിനാചരണമെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ ഇടപെടലുകളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ തുടങ്ങിയ പൊതുവായ പരിസ്ഥിതി വെല്ലുവിളികളെ നേരിടുന്നതിൽ സഹകരണ സമീപനത്തിന്റെ പ്രാധാന്യവും ഇതിലൂടെ ഉയർത്തിക്കാട്ടുന്നു.
ദേശീയ പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിലൂടെ വന്യജീവി സംരക്ഷണത്തിന് ഒമാൻ വലിയ പ്രാധാന്യം നൽകുന്നതായും അതോറിറ്റി ചൂണ്ടിക്കാട്ടി. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കൽ, പ്രകൃതി സംരക്ഷിത പ്രദേശങ്ങളുടെ മാനേജ്മെന്റ്, കര-കടൽ പരിസ്ഥിതി സംരക്ഷണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായും പൗരസമൂഹവുമായുള്ള പങ്കാളിത്തവും ശക്തിപ്പെടുത്തുന്നുണ്ട്.
ഉത്തരവാദിത്തപരമായ പരിസ്ഥിതി ഇപെടൽ സ്വീകരിക്കുകയും പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയും ചെയ്ത് വന്യജീവി സംരക്ഷണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കുചേരണമെന്ന് പരിസ്ഥിതി അതോറിറ്റി ആഹ്വാനം ചെയ്തു. പ്രകൃതി സൗഹൃദപരമായ സമൂഹം രൂപപ്പെടാനും പ്രദേശത്തിന്റെ സമഗ്ര വികസനത്തെ പിന്തുണക്കുന്ന സുസ്ഥിര വന്യജീവി പരിസ്ഥിതി ഉറപ്പാക്കാനും ഇത് സഹായകരമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.