മസ്കത്ത്: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ ഇനി ഏഴു ദിവസംകൂടി രജിസ്റ്റർ ചെയ്യാം. മാർച്ച് 31നാണ് പൊതുമാപ്പിെൻറ കാലാവധി അവസാനിക്കുന്നത്.
കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് മാർച്ച് 31 വരെ നീട്ടുകയായിരുന്നു. പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യം വിടാൻ ഇതുവരെ 65,173 പേരാണ് രജിസ്റ്റർ ചെയ്തതെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.
ഇതിൽ 46,355 പേർ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു. മാർച്ച് 31നുശേഷം ലഭിക്കുന്ന അപേക്ഷകൾ സാധാരണ രീതിയിലായിരിക്കും പരിഗണിക്കുകയെന്നും നിയമലംഘകർ പിഴയൊടുക്കേണ്ടിവരുമെന്നും തൊഴിൽ വകുപ്പ് അറിയിച്ചു. മാർച്ച് 31 വരെയുള്ള അധികസമയത്ത് അപേക്ഷിച്ച് അനുമതി ലഭിച്ചവർ ജൂൺ 30നകം രാജ്യം വിടുകയും വേണം.
മാനവ വിഭവശേഷി മന്ത്രാലയം വെബ്സൈറ്റിൽ സനദ് സെൻററുകൾ വഴിയോ എംബസികൾ വഴിയോ സാമൂഹിക പ്രവർത്തകർ വഴിയോ രജിസ്റ്റർ ചെയ്യുന്നതാണ് ആദ്യത്തെ ഘട്ടം. ഏഴു ദിവസത്തിനുശേഷം മന്ത്രാലയത്തിൽനിന്ന് ക്ലിയറൻസ് ലഭിക്കും. ഇതുപയോഗിച്ച് പാസ്േപാർട്ട് ഉള്ളവർക്ക് ടിക്കറ്റെടുത്ത് പി.സി.ആർ ടെസ്റ്റ് നടത്തി രാജ്യം വിടാവുന്നതാണ്. പാസ്പോർട്ട് ഇല്ലാത്തവർക്ക് അതത് എംബസികൾ ഒൗട്ട്പാസും നൽകും.
കോവിഡ് സ്വകാര്യ മേഖലയിൽ ഏൽപിച്ച ആഘാതം ലഘൂകരിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതോടൊപ്പമുള്ള വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് സ്വകാര്യ കമ്പനികൾക്കുള്ള അനുമതിയും മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും. ഇങ്ങനെ പിരിച്ചുവിടുന്ന വിദേശികളുടെ മുഴുവൻ ആനുകൂല്യങ്ങളും നൽകിയിരിക്കണം.
പൊതുമാപ്പിൽ രജിസ്റ്റർ ചെയ്തവരിലും രാജ്യം വിട്ടവരിലും ബഹുഭൂരിപക്ഷം പേരും ബംഗ്ലാദേശികളാണെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.