ടെലികോം മേഖലയിലെ ചില ജോലികളിൽ വിദേശികൾക്ക് വിലക്ക് വരുന്നു

മസ്കത്ത്: ഒമാനിലെ ടെലികോം മേഖലയിലെ ചില ജോലികളിൽനിന്ന് വിദേശികളെ വിലക്കി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ) ഉത്തരവ് പുറത്തിറക്കി (109/2022). ഐ.ടി ഉപകരണങ്ങൾ, സംവിധാനങ്ങൾ, നെറ്റ്വർക്ക് എന്നിവയുടെ സ്ഥാപിക്കലും അറ്റകുറ്റപ്പണിയും ക്രമേണ പൂർണമായും സ്വദേശിവത്കരിക്കുന്നതിനുള്ള തീരുമാനമാണ് ട്രാ എടുത്തിട്ടുള്ളത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം ഈ തീരുമാനം പ്രാബല്യത്തിൽവരുമെന്ന് അധികൃതർ അറിയിച്ചു.

തീരുമാനത്തിന്‍റെ മൂന്നാം ആർട്ടിക്ക്ൾ അനുസരിച്ച് ടെലികോം സേവനങ്ങൾക്ക് ലൈസൻസ് എടുത്തിട്ടുള്ള സ്ഥാപനങ്ങൾ വയറുകളോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളോ സ്ഥാപിക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ, അതിന്‍റെ അവസാനഘട്ട ജോലികൾ വിദേശികളെ ഏൽപിക്കാൻ പാടില്ല. കമ്യൂണിക്കേഷൻ കേബിളുകൾ വലിക്കുക, സ്ഥാപിക്കുക, കണക്ട് ചെയ്യുക, അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കാനും വിദേശികളെ അനുവദിക്കില്ല. ടെലികോം എക്സ്ചേഞ്ചുകൾ, വിതരണകേന്ദ്രങ്ങൾ, സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കമ്യൂണിക്കേഷൻ ഉപകരണങ്ങളോ സംവിധാനങ്ങളോ കൈകാര്യം ചെയ്യാനും വിദേശികൾക്ക് കഴിയില്ല. വീടുകളിൽ കമ്യൂണിക്കേഷൻ-ഐ.ടി ഉപകരണങ്ങളോ നെറ്റ്വർക്കോ സ്ഥാപിക്കുന്ന ജോലികളും വിദേശികളെ ഏൽപിക്കരുതെന്നാണ് തീരുമാനം.

തീരുമാനം പ്രാബല്യത്തിൽവന്ന് മൂന്നു മാസത്തിനുള്ളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇവ നടപ്പാക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടതാണ്. ഇത്തരം എന്തെങ്കിലും ജോലികൾ വിദേശികളെ ഏൽപിക്കേണ്ട ഘട്ടംവന്നാൽ ട്രായിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. ട്രായിൽനിന്ന് പെർമിറ്റ് ലഭിച്ച ജോലി മറ്റൊരു ഏജൻസിയെ ഏൽപിക്കുന്നതും പെർമിറ്റ് വിൽക്കുന്നതും വാടകക്ക് കൊടുക്കുന്നതും പെർമിറ്റിന്‍റെ ആനുകൂല്യം മറ്റാരെങ്കിലും ഉപയോഗപ്പെടുത്തുന്നതും നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പെർമിറ്റുകൾക്കുള്ള അപേക്ഷ രേഖകളും മറ്റ് വിവരങ്ങളും സഹിതം, പെർമിറ്റ് ഫീ അടച്ച ശേഷം, നിശ്ചിത ഫോറത്തിലാണ് സമർപ്പിക്കേണ്ടത്. അതോറിറ്റിയിലെ ലൈസൻസിങ് ആൻഡ് കംപ്ലയ്ൻസ് വിഭാഗം അപേക്ഷയും അനുബന്ധ രേഖകളും പഠിച്ച ശേഷം അപേക്ഷ സമർപ്പിച്ച് 30ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. ഈ കാലയളവിനുശേഷം അതോറിറ്റിയിൽനിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ അപേക്ഷ തള്ളിയതായി കണക്കാക്കേണ്ടതാണ്. ടെലികമ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഒമാനിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുന്നതിന് മുൻ അനുമതി വാങ്ങണം. കരാർ സംബന്ധിച്ച വിവരങ്ങൾ ഓരോ ആറുമാസവും കൂടുമ്പോൾ അതോറിറ്റി തയാറാക്കിയ നിശ്ചിത ഫോറത്തിൽ സമർപ്പിക്കണം.

പെർമിറ്റ് ലംഘനങ്ങൾക്കും സേവനത്തിലെ വീഴ്ചകൾക്കും അതിന്‍റെ തീവ്രത അനുസരിച്ച് ലക്ഷം റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പിഴവ് സംഭവിച്ച പ്രവൃത്തി സ്ഥാപനത്തിന്‍റെ ചെലവിൽതന്നെ നീക്കം ചെയ്യുകയോ നന്നാക്കുകയോ വേണം. രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിലേക്ക് ഇത്തരം സ്ഥാപനങ്ങളുടെ പെർമിറ്റ് റദ്ദാക്കുമെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Foreigners are barred from certain jobs in the telecom sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.