ഒമാനിൽ ടെലികോം മേഖലയിലെ ചില ​ജോലികളിൽ വിദേശികൾക്ക്​ വിലക്ക്​ വരുന്നു

മസ്കത്ത്​: ഒമാനിലെ ടെലികോം മേഖലയിലെ ചില ​ജോലികളിൽ നിന്ന്​ വിദേശികളെ വിലക്കി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ) തീരുമാനം പുറത്തിറക്കി (109/2022). ഐ.ടി ഉപകരണങ്ങൾ, സംവിധാനങ്ങൾ, നെറ്റ്​വർക്ക്​ എന്നിവയുടെ സ്ഥാപിക്കലും അറ്റകുറ്റപ്പണിയും പൂർണമായും സ്വദേശിവത്​കരിക്കുന്നതിനുള്ള തീരുമാനമാണ്​ ട്രാ എടുത്തിട്ടുള്ളത്​. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം ഈ തീരുമാനം ​പ്രാബല്യത്തിൽ വരുമെന്ന്​ ട്രാ അധികൃതർ അറിയിച്ചു.

തീരുമാനത്തിന്‍റെ മൂന്നാം ആർട്ടിക്​ൾ അനുസരിച്ച്​ ടെലികോം സേവനങ്ങൾക്ക്​ ലൈസൻസ്​ എടുത്തിട്ടുള്ള സ്ഥാപനങ്ങൾ വയറുകളോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളോ സ്ഥാപിക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ, അതിന്‍റെ അവസാനഘട്ട ജോലികൾ വിദേശികളെ ഏൽപ്പിക്കാൻ പാടില്ല. കമ്മ്യൂണിക്കേഷൻ കേബിളുകൾ വലിക്കുക, സ്ഥാപിക്കുക, കണക്ട്​ട്​ ചെയ്യുക, അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കാനും വിദേശികളെ അനുവദിക്കില്ല.

ടെലികോം എക്സ്​ചേഞ്ചുകൾ, വിതരണകേന്ദ്രങ്ങൾ, സ്​റ്റേഷനുകൾ എന്നിവിടങ്ങളിൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളോ സംവിധാനങ്ങളോ കൈകാര്യം ചെയ്യാനും വിദേശികൾക്ക്​ കഴിയില്ല. വീടുകളിൽ കമ്മ്യൂണിക്കേഷൻ-ഐ.ടി ഉപകരണങ്ങളോ നെറ്റ്​വർക്കോ സ്ഥാപിക്കുന്ന ജോലികളും വിദേശികളെ ഏൽപ്പിക്കരുതെന്നാണ്​ തീരുമാനം.

തീരുമാനം​ പ്രാബല്യത്തിൽ വന്ന്​ മൂന്ന്​ മാസത്തിനുള്ളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇവ നടപ്പാക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടതാണ്​.

ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക്​ ഒമാനിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുമായി കരാറിൽ ഏർ​പ്പെടുന്നതിന്​ ട്രായുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്​. കരാർ സംബന്ധിച്ച വിവരങ്ങൾ ഓരോ ആറുമാസം കൂടുമ്പോൾ അതോറിറ്റി തയാറാക്കിയിട്ടുള്ള നിശ്ചിത ഫോമിൽ സമർപ്പിക്കുകയും വേണം.

Tags:    
News Summary - Foreigners are banned from certain jobs in the telecom sector in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.