മസ്കത്ത്: കസാഖിസ്താനിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ദിയസീൻ ബിൻ ഹൈതം അൽ സഈദ് ഒമാനിലേക്ക് മടങ്ങി. ഒമാനും കസാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സയ്യിദ് ദിയസിൻ കസാക് തലസ്ഥാനമായ അസ്താനയിൽ പ്രധാനമന്ത്രി ഓൾഷാസ് ബെക്തനോവുമായി കൂടിക്കാഴ്ച നടത്തി. നിലവിലുള്ള സഹകരണ മേഖലകൾ അവലോകനം ചെയ്ത ഇരുപക്ഷവും, ഇരുരാജ്യങ്ങളുടെയും ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിച്ചു. ഒമാനും കസാഖിസ്താനും ഒരു സംയുക്ത നിക്ഷേപ ഫണ്ട് (ജോയിന്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്) രൂപീകരിക്കുന്നതിനുള്ള പ്രാഥമിക കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഊർജം, ഖനനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഊർജം, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ചർച്ചയിൽ തീരുമാനമായി.
പ്രധാനമന്ത്രി ഓൾഷാസ് ബെക്തനോവിന് പുറമെ, അക്കോർഡ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വെച്ച് കസാഖിസ്താൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവുമായും സയ്യിദ് ദിയസിൻ ചർച്ച നടത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ അദ്ദേഹം പ്രസിഡന്റിന് കൈമാറി. സയ്യിദ് ദിയസിന് കസഖിസ്താൻ പ്രസിഡന്റ് ‘ഓർഡർ ഓഫ് ദോസ്തിക്’ (സൗഹൃദ പുരസ്കാരം) സമ്മാനിച്ചു. സന്ദർശനത്തോടനുബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളെ അംഗീകരിച്ചുമാണ് പ്രസിഡന്റ് ഈ ബഹുമതി നൽകിയത്. ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ഒ.ഐ.എ) പ്രസിഡന്റ് അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ അബ്ദുൽ അസീസ് ബിൻ അബ്ദുള്ള അൽ ഹിനായി എന്നിവരും ഒമാനി പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കുന്നതിനും സയ്യിദ് ദിയസിന്റെ ഈ സന്ദർശനം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. അസ്താനയിലെ പ്രശസ്തമായ ഗ്രാൻഡ് മോസ്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ എന്നിവയും അദ്ദേഹം സന്ദർശിച്ചു. സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച അദ്ദേഹം ഒമാനിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.