പ്രതീകാത്മക ചിത്രം
മസ്‌കത്ത്: ഒമാനിൽ വേനൽക്കാലം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് അതിവേഗം വർധിക്കുന്നു. മിക്ക ഗവർണറേറ്റുകളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ സുൽത്താനേറ്റിലെ ഉയർന്ന താപനില 41.9 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തിയതോടെ വേനൽക്കാലത്തിന്റെ തുടക്കം ശക്തമാകുന്ന സൂചനയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ മണൽക്കാറ്റിനും ചൂടുവാതകത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
വെള്ളിയാഴ്ച പുറത്തിറക്കിയ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്കുകൾ പ്രകാരം, ദിമ വതായീനിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്; 41.9 ഡിഗ്രി സെൽഷ്യസ്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലകളിൽ ഒന്നാണിത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഉയർന്ന ചൂട് രേഖപ്പെടുത്തി. ഹമ്ര അൽ ദുരുയിൽ 41.0 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ ജലാൻ ബനി ബു ഹസ്സൻ, അൽ ആമിറാത്ത്, സമൈൽ എന്നിവിടങ്ങളിൽ 40.8 ഡിഗ്രി സെൽഷ്യസ് വീതം രേഖപ്പെടുത്തി. ഫഹൂദിൽ 40.7 ഡിഗ്രി സെൽഷ്യസ് ആണ് ചുട് അനുഭവപ്പെട്ടത്.
മക്ഷിനിൽ 40.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ ഹൈമയും ബിദിയയും 40.3 ഡിഗ്രി സെൽഷ്യസ് വീതം രേഖപ്പെടുത്തി. അസ്സുനൈനയിൽ 40.2 ഡിഗ്രി സെൽഷ്യസും ബിദ്ബിദിൽ 40.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതോടെ രാജ്യത്താകമാനം ചൂട് ഉയർന്ന നിലയിലാണെന്ന് സൂചനകൾ കാണിക്കുന്നു.
തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കുന്നത് ഉഷ്ണതരംഗത്തിന്റെ തീവ്രത കൂട്ടുന്നുണ്ട്. ഉൾനാടൻ പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും ചൂട് 45 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുന്നത് സാധാരണമാണെങ്കിലും, ഇത്തവണ നേരത്തെ തന്നെ താപനില ഉയരുന്നത് ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
അമിതമായ ചൂട് മൂലം നിർജ്ജലീകരണം, സൂര്യാതപം, പേശീവലിവ്, അമിതമായ തളർച്ച തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് പുറംജോലികളിൽ ഏർപ്പെടുന്നവരും പ്രായമായവരും കുട്ടികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.
വടക്കൻ ഗവർണറേറ്റുകളിലും ഉൾനാടൻ മരുഭൂമി പ്രദേശങ്ങളിലും താപനില 42 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മസ്‌കത്ത് ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ താപനില 40 ഡിഗ്രിക്ക് താഴെയാണെങ്കിലും അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലായിരിക്കും. വടക്ക്-പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒമാന്റെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടേക്കാം. ഇത് അന്തരീക്ഷത്തിലെ ചൂട് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും. അൽ വുസ്ത, ദോഫാർ മരുഭൂമി മേഖലകളിൽ ശക്തമായ കാറ്റിനും മണൽക്കാറ്റിനും സാധ്യതയുണ്ട്. ഇത് റോഡ് ഗതാഗതത്തിൽ ഡ്രൈവർമാരുടെ കാഴ്ചാപരിധി കുറക്കാൻ ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകൾപിന്തുടരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.