ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളിലൊന്നാണ് കുട്ടികളിലെ മാനസികാരോഗ്യം. അടുത്ത കാലത്തായി കുട്ടികളിൽ കാണുന്ന മാനസിക സമ്മർദം, വീടുവിട്ട് പോകൽ, ആത്മഹത്യാ പ്രവണതകൾ തുടങ്ങിയവ വർധിച്ചുവരുന്നത് സമൂഹത്തെ ആകെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇത് ഒരു പ്രത്യേക വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം പ്രശ്നമല്ല; പ്രവാസി സമൂഹത്തിലും നാട്ടിലും ഒരുപോലെ പ്രകടമാകുന്ന ഒരു ഗൗരവമായ യാഥാർഥ്യമാണ്.
ഈ പ്രശ്നങ്ങൾ ഒറ്റ കാരണത്താൽ ഉണ്ടാകുന്നതല്ല. കുടുംബബന്ധങ്ങൾ, വിദ്യാഭ്യാസരീതി, സാമൂഹിക സാഹചര്യങ്ങൾ, ടെക്‌നോളജി സ്വാധീനം തുടങ്ങി നിരവധി ഘടകങ്ങൾ ചേർന്നുണ്ടാകുന്ന ഒരു സങ്കീർണ അവസ്ഥയാണിത്.
ഇന്നത്തെ വിദ്യാഭ്യാസരീതി കുട്ടികളെ വളർത്തുന്നതിനേക്കാൾ മത്സരത്തിനായി തയാറാക്കുന്നതിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉയർന്ന മാർക്കുകൾ, റാങ്കുകൾ, താരതമ്യങ്ങൾ, സ്ഥിരമായ മത്സരമാനസികത...ഇവയെല്ലാം കുട്ടികളിൽ വലിയ മാനസിക സമ്മർദം സൃഷ്ടിക്കുന്നു. പലപ്പോഴും, പരാജയത്തെ സ്വീകരിക്കാനുള്ള മനോഭാവം കുട്ടികളിൽ വളർത്തപ്പെടുന്നില്ല. അതുവഴി ചെറിയ പരാജയങ്ങൾ പോലും അവരുടെ ജീവിതത്തിൽ വലിയ ആഘാതങ്ങളായി മാറുന്നു.
മാതാപിതാക്കൾ ജോലി തിരക്കുകളിൽ മുഴുകുമ്പോൾ, കുട്ടികളുമായി ചെലവഴിക്കേണ്ട സമയത്തിന്റെ കുറവ് ഒരു വലിയ പ്രശ്നമായി മാറുന്നു. സാമ്പത്തിക സുരക്ഷയ്ക്കായി നടത്തുന്ന പരിശ്രമങ്ങൾ, പലപ്പോഴും മാനസിക ബന്ധങ്ങളെ ദുർബലമാക്കുന്നു. കുട്ടികൾക്ക് അവരുടെ വികാരങ്ങൾ പങ്കുവെക്കാൻ, കേൾക്കാൻ ഒരാൾ ഇല്ലാത്ത അവസ്ഥ ഉണ്ടാകുമ്പോൾ, അവർ ഒറ്റപ്പെടലിലേക്ക് നീങ്ങുന്നു.
ഡിജിറ്റൽ കാലഘട്ടത്തിൽ വളരുന്ന കുട്ടികൾക്ക് സോഷ്യൽ മീഡിയ വലിയ സ്വാധീനമാണ്. മറ്റുള്ളവരുടെ ‘പെർഫക്ട്’ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നത്, ആത്മവിശ്വാസക്കുറവും നിരാശയും വളർത്തുന്നു. യഥാർഥ ജീവിതവും വെർച്വൽ ലോകവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കുട്ടികൾക്ക് പലപ്പോഴും കഴിയുന്നില്ല.
പ്രവാസി ജീവിതത്തിൽ കുട്ടികൾക്ക് കൂട്ടുകാർ കുറവ്, ബന്ധുക്കളിൽ നിന്നുള്ള അകലം, മാതാപിതാക്കളുടെ സമയക്കുറവ് എന്നിവ മൂലം ഒറ്റപ്പെടൽ അനുഭവപ്പെടുന്നു. മനസ്സുതുറന്ന് സംസാരിക്കാൻ ഒരാളുടെ അഭാവം, അവരെ മാനസികമായി കൂടുതൽ ദുർബലരാക്കുന്നു. ഇത് പലപ്പോഴും അപകടകരമായ തീരുമാനങ്ങളിലേക്ക് നയിക്കാം.
ഇന്നും നമ്മുടെ സമൂഹത്തിൽ മാനസികാരോഗ്യത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്ന പ്രവണത കുറവാണ്. ‘ഇത് വലിയ കാര്യമല്ല’ എന്ന ധാരണ കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടയിൽ കാണപ്പെടുന്നു. ഈ അവബോധക്കുറവ് പല പ്രശ്നങ്ങളും തിരിച്ചറിയാതെ പോകാൻ ഇടയാക്കുന്നു.
ഇന്നത്തെ കുട്ടികൾ ‘ഡിജിറ്റൽ ജനറേഷൻ’ ആണ്. അവർ കൂടുതൽ വിവരങ്ങളും സാധ്യതകളും ഉള്ള ലോകത്തിലാണ് വളരുന്നത്. എന്നാൽ, അവരുടെ ചിന്തകളും വികാരങ്ങളും പഴയ തലമുറയുടേതിൽ നിന്ന് വ്യത്യസ്തമാണ്. മാതാപിതാക്കൾ പഴയ രീതികളിൽ തന്നെ കുട്ടികളെ സമീപിക്കുമ്പോൾ, പരസ്പരം മനസ്സിലാക്കുന്നതിൽ വിടവുണ്ടാകുന്നു. ഈ ‘ജനറേഷൻ ഗ്യാപ്’ പല പ്രശ്നങ്ങൾക്കും അടിസ്ഥാന കാരണമാകുന്നു.
കുട്ടികൾ വീടുവിട്ട് പോകുന്നത് ഒരു സാധാരണ സംഭവമല്ല; അത് അവരുടെ ഉള്ളിലെ വേദനയുടെ ഒരു പ്രകടനമാണ്. അവരെ ആരും മനസ്സിലാക്കുന്നില്ലെന്ന തോന്നൽ, അമിതമായ നിയന്ത്രണങ്ങൾ, ശിക്ഷാഭീതി, സംസാരിക്കാൻ ഒരാൾ ഇല്ലായ്മ...ഇവയെല്ലാം ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ കാണുന്ന പ്രധാന ഘടകങ്ങളാണ്. ഇത് ഒരു മുന്നറിയിപ്പാണ്. അതിനെ അവഗണിക്കുന്നത് പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കും.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കുടുംബവും സ്കൂളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതാണ്. കുട്ടികളോട് ദിവസവും സംസാരിക്കാൻ സമയം കണ്ടെത്തുക.
മാർക്കിനേക്കാൾ വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നൽകുക
മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുക
കുട്ടികൾക്ക് അവരുടെ വികാരങ്ങൾ തുറന്ന് പറയാൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക
സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിതവും ബോധപൂർവ്വവുമായിരിക്കണം
ആവശ്യമായപ്പോൾ പ്രൊഫഷണൽ സഹായം തേടാൻ മടിക്കരുത്
കുട്ടികളുടെ മനസ്സ് വളരെ സൂക്ഷ്മവും നഴുക്കുമായ ഒന്നാണ്. അവരുടെ പ്രശ്നങ്ങൾ ചെറുതായി തോന്നിയാലും, അവക്ക് പിന്നിൽ വലിയ വേദനകൾ ഉണ്ടാകാം. അതിനാൽ, കേൾക്കുക, മനസ്സിലാക്കുക, പിന്തുണ നൽകുക... ഇവയാണ് നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നത് അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിലൂടെയാണ്.
തയാറാക്കിയത്: ഇമാം ഖാൻ അഞ്ചൽ (ആർ.എം.എ ലീഗൽ ഹെൽപ് ഡെസ്ക്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.