പ്രവാസി വെൽഫെയർ സലാല യോഗത്തിൽ ജനറൽ സെക്രട്ടറി തസ്രീന ഗഫൂർ സംസാരിക്കുന്നു
സലാല: കേന്ദ്ര ബജറ്റിൽ കേരളത്തെയും പ്രവാസികളെയും പൂർണമായി അവഗണിച്ചതിൽ പ്രവാസി വെൽഫെയർ സലാല കേന്ദ്ര കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ മനുഷ്യ വിഭവശേഷിയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിനായി വിശാല കാഴ്ചപ്പാടോടുകൂടിയ ക്ഷേമ പദ്ധതികൾ നടപ്പിലാക്കണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമം മുൻനിർത്തി താഴെപ്പറയുന്ന പത്ത് ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയം ജനറൽ സെക്രട്ടറി തസ്രീന ഗഫൂർ അവതരിപ്പിച്ചു.
കേന്ദ്രം നിർത്തലാക്കിയ പ്രവാസി മന്ത്രാലയം പുനഃസ്ഥാപിക്കുക, പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ ദേശീയ വിമാന കമ്പനികളുമായി കരാറിലെത്തുക, പ്രവാസലോകത്ത് അപകടങ്ങൾ കാരണമോ ഗുരുതര രോഗങ്ങൾ ബാധിച്ചോ അടിയന്തര ചികിത്സാവശ്യം വരുന്ന പ്രവാസികളുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കുക, പ്രവാസം അവസാനിപ്പിച്ച മുതിർന്ന പ്രവാസികൾക്ക് എല്ലാവർക്കും പെൻഷൻ ഉറപ്പുവരുത്തുക, പ്രവാസികൾക്ക് വോട്ടവകാശം നൽകുകയും പ്രവാസ ലോകത്ത് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുക, കണ്ണൂർ എയർപോർട്ടിനോടുള്ള അവഗണന അവസാനിപ്പിക്കുക, സലാലയിൽ നിന്നും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുനഃസ്ഥാപിക്കുക, പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് പലിശരഹിത വായ്പകൾ നൽകുക, സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങളിലെ ജോലികളിൽ മുൻ-പ്രവാസികൾക്ക് മുൻഗണന നൽകുക, പ്രവാസികളായ സ്ത്രീ തൊഴിലാളികളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുക, എംബസിയുടെ കീഴിൽ സലാല ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്ത്രീകൾക്കായി ഷെൽട്ടറുകൾ / അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുക, പ്രവാസി ക്ഷേമ പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തുക എന്നിവയാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവാസി സംഘടനകളുടെയും സഹകരണത്തോടു കൂടി ഈ വിഷയങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സജീവ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള പരിശ്രമങ്ങൾ സംഘടന നടത്തുമെന്ന് വൈസ് പ്രസിഡന്റ് രവീന്ദ്രൻ നെയ്യാറ്റിൻകര പറഞ്ഞു. പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.